താനെ ; മഹാരാഷ്ട്രയിൽ പതിനേഴുകാരിയെ അച്ഛനും കാമുകനും ബലാത്സംഗം ചെയ്തു. ഗർഭിണിയായ പെൺകുട്ടിയെ ഗർഭച്ഛിദ്രം നടത്തുകയും ഗർഭ സ്ഥ ശിശുവിനെ റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്തു.സ്‌കൂൾ അധ്യാപകനായിരുന്ന പിതാവ് (51), മുൻ അയൽവാസിയായിരുന്ന കാമുകൻ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതികൾക്കെതിരെ ഐപിസി 376 (ബലാത്സംഗം), പോക്സോ വകുപ്പുകൾ ചുമത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഡിഎൻഎ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് താനെ വസിന്ത് പട്ടണത്തിൽ റോഡരികിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണു പീഡനവിവരം പുറത്തറിഞ്ഞതെന്ന് അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ യോഗേഷ് ഗുരാവ് പറഞ്ഞു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടേതായിരുന്നു ഗർഭസ്ഥ ശിശു.
പിതാവും കാമുകനും നിരവധി തവണ ബലാത്സംഗം ചെയ്തെന്നു ചോദ്യംചെയ്യലിൽ പെൺകുട്ടി പൊലീസിനോടു വെളിപ്പെടുത്തി. പെൺകുട്ടിയും കുടുംബവും നേരത്തെ നവി മുംബൈയിലെ പൻവേലിലാണു താമസിച്ചിരുന്നത്.
അവിടെ അയൽവാസിയായിരിക്കെ പരിചയപ്പെട്ടതാണു പ്രതിയായ യുവാവിനെയെന്നു പെൺകുട്ടി പറഞ്ഞു. ഇരുവരുടെയും ബന്ധത്തെ കുടുംബങ്ങൾ എതിർത്തിരുന്നു. പെൺകുട്ടിയുടെ കുടുംബം വസിന്തിലേക്കു താമസം മാറുകയും ചെയ്തു. എന്നാൽ കാമുകനും പെൺകുട്ടിയും പിന്നീടും കൂടിക്കാഴ്ച നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി.