കൊച്ചി: ഐഎന്‍എസ് ജലാശ്വയില്‍ മാലദ്വീപില്‍ നിന്നെത്തിയ തമിഴ്‌നാട്ടുകാരെ കൊണ്ടുപോകാന്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ ബസ് എത്തി. ഏഴ് ബസാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തമിഴ്നാട്ടില്‍ നിന്നുള്ള 187 പേരാണ് ഇന്ന് കൊച്ചിയില്‍ എത്തിയത്.

ഇന്ന് രാവിലെയാണ് കേരളമടക്കം 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള 698 യാത്രക്കാരുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരമണഞ്ഞത്. ഇവരില്‍ 440 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. അതേ സമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊച്ചിയില്‍ തന്നെ ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇടക്കൊച്ചി പിഒസിയിലാണ് ക്വാറന്റീന്‍ സെന്റര്‍ ഒരുക്കിയിരിക്കുന്നത്. 70 പേര്‍ക്കുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നാണ് കൊച്ചി മേയര്‍ അറിയിച്ചത്. അതേസമയം മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി കെഎസ്‌ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്യുന്നത് പോലീസ് വകുപ്പാണ്. അതേസമയം കപ്പലില്‍ എത്തിയ യാത്രക്കാരില്‍ ഒരാള്‍ക്ക് പനിയുള്ളതായി കണ്ടതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.