ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്ക്, ഗ്ലൗസ്, സുരക്ഷാ കിറ്റുകള്‍, വെന്‍റിലേറ്ററുകള്‍ എന്നിവ വാങ്ങുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പലയിടത്തും ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്ന പരാതി ഉയരുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ നടപടി.

ഈ മാസം രണ്ടാം തീയതി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അയച്ച സര്‍ക്കുലറിലാണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്. പി.പി.ഇ കിറ്റുകള്‍, എന്‍ 95 മാസ്കുകള്‍, വെന്‍റിലേറ്ററുകള്‍ എന്നിവ സംസ്ഥാന സര്‍ക്കാറുകള്‍ സ്വന്തം നിലക്ക് വാങ്ങിക്കരുത്. ആവശ്യമായ ഉപകരണങ്ങളുടെ കണക്കെടുത്ത് കേന്ദ്രത്തെ അറിയിക്കണം. ഉപകരണങ്ങള്‍ കേന്ദ്രം വാങ്ങിച്ച്‌ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കേന്ദ്ര ദുരന്തനിവാരണ നിയമപ്രകാരമാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കേന്ദ്ര നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഫെഡറല്‍ വ്യവസ്ഥയില്‍ ആരോഗ്യവും ആഭ്യന്തര സുരക്ഷയും സംസ്ഥാനത്തിന്‍റെ ചുമതലയാണെന്ന് മഹാരാഷ്ട്ര സഖ്യസര്‍ക്കാറിലെ മുതിര്‍ന്ന മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍, ദുരന്ത നിവാരണ നിയമം ഉപയോഗിച്ച്‌ സംസ്ഥാനങ്ങളെ വരുതിക്ക് നിര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.