നെയ്റോബി : കെനിയയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച മോട്ടോര്‍ സൈക്കിള്‍ ടാക്സി ഡ്രൈവര്‍മാറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ നടന്ന സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിന്റെ വെടിയേറ്റ് മൂന്ന് പേര്‍ മരിച്ചു. പടിഞ്ഞാറന്‍ കെനിയയിലെ ലെസോസ് നഗരത്തിലാണ് സംഭവം. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പൊലീസുകാരെ അറസ്റ്റ് ചെയ്യാന്‍ ഉന്നത പൊലീസ് വൃത്തങ്ങള്‍ ഉത്തരവിട്ടു. കൊവിഡിന്റെ പേരില്‍ പൊലീസ് അനാവശ്യമായ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നുവെന്ന പേരില്‍ രാജ്യത്തുടെനീളം പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

മാസ്ക് ധരിക്കാതിരുന്ന ഒരു മോട്ടോര്‍ ബൈക്ക് ഡ്രൈവറെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതും, 50 കെനിയന്‍ ഷില്ലോഗ് കൈക്കൂലി ചോദിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ചു. തര്‍ക്കം രൂക്ഷമാകുകയും, സംഘത്തിലുണ്ടായിരുന്ന 40 വയസുകാരനായ ചെരുപ്പുകുത്തിയ്ക്ക് നേരെ പൊലീസ് വെടിവച്ചതായും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ തത്ക്ഷണം മരിച്ചു. തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന മോട്ടോര്‍ സൈക്കിള്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള വന്‍ സംഘം പൊലീസിന് നേരെ പ്രതിഷേധവുമായെത്തി. നൂറുകണക്കിന് ഗ്രാമീണര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തുകയും വന്‍ സംഘര്‍ഷത്തിനിടെയാക്കുകയും ചെയ്തു. ഇതിനിടെയാണ് രണ്ട് പേര്‍ കൂടി പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.

കൊവിഡ് വ്യാപനം തടയാന്‍ മാര്‍ച്ച്‌ അവസാനത്തോടെ രാജ്യത്ത് കര്‍ഫ്യൂ നിലവില്‍ വന്നിരുന്നു. ജൂണ്‍ ആദ്യവരം വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കര്‍ഫ്യൂ കാലയളവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച 15 പേര്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. നേരത്തെ വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കവെ 13 വയസുകാരനും പൊലീസിന്റെ വെടിയേറ്റ് മരിക്കുകയുണ്ടായി. അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് ലോകമെമ്ബാടും പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ കെനിയക്കാര്‍ തങ്ങളുടെ രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരതകള്‍ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. രാജ്യ തലസ്ഥാനമായ നെയ്റോബിയില്‍ ഉള്‍പ്പെടെ ഒഴിഞ്ഞ ശവപ്പെട്ടികളുമായി ആളുകള്‍ തെരുവിലിറങ്ങി. 5,533 പേര്‍ക്കാണ് കെനിയയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. 137 പേര്‍ മരിച്ചു.