ജനീവ: കൊറോണ വൈറസ് ലോകത്ത് നിരവധി ക്ഷാമങ്ങൾ സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. മാസങ്ങൾക്കുള്ളിൽ ബൈബിളിൽ പ്രവചിച്ചിരിക്കുന്ന തരത്തിലുള്ള ക്ഷാമങ്ങളുണ്ടാകുമെന്നും 130 ദശലക്ഷം ജനങ്ങൾ ലോകത്ത് പട്ടിണിയിലാകുമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്.
യുഎന്നിന്റെ കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറസ്ടർ ഡേവിസ് ബീസ്ലിയാണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുന്നത്. മൂന്നു ഡസനിലധികം രാജ്യങ്ങളെ ക്ഷാമം കടുത്ത രീതിയിൽ ബാധിക്കുമെന്നും ഇതിൽതന്നെ പത്തു രാജ്യങ്ങൾ ഇപ്പോൾ തന്നെ ക്ഷാമത്തിലൊണെന്നും ബീസ്ലി പറഞ്ഞു.
യെമൻ, റിപ്പബ്ളിക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ, വെനസ്വേല, ഇത്യോപ്യ, സൗത്ത് സുഡാൻ, സിറിയ, സുഡാൻ, നൈജീരിയ, ഹെയ്തി എന്നിവയാണ് നിലവിൽ ഭക്ഷ്യക്ഷാമം നേരിടുന്നതായി ബീസ്ലി ചൂണ്ടിക്കാട്ടിയ രാജ്യങ്ങൾ. ഈ രാജ്യങ്ങളെ ഇതുവരെ കൊറോണ കാര്യമായി ബാധിച്ചിട്ടില്ല.
സംഘർഷങ്ങൾ, സാന്പത്തിക മാന്ദ്യം, മരുന്നുകളുടെ അഭാവം, എണ്ണവിലയിലെ ഇടിവ് എന്നിവയാണ് ഭക്ഷ്യക്ഷാമത്തിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ ദുരന്തം ഒഴിവാക്കാൻ കടുത്ത നടപടികൾ വേണ്ടിവരുമെന്നും മറിച്ചായാൽ കോവിഡ് മാരണങ്ങളേക്കാൾ കുടുതൽ പട്ടിണി മരണങ്ങൾ സംഭവിച്ചേക്കാമെന്നും യുഎൻ സുരക്ഷാ സമിതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.