ഹൂസ്റ്റണ്‍∙ മിസ്സോറി സിറ്റി മേയര്‍ സ്ഥാനത്തേക്കു മത്സരിക്കുന്ന മലയാളി റോബിന്‍ ഇലക്കാട്ട് വിജയ പ്രതീക്ഷയില്‍. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അവസാനവട്ട തിരഞ്ഞെടുപ്പു പ്രചാരണ തിരക്കിലാണ് അദ്ദേഹം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നേരിട്ട് വോട്ടര്‍മാരെ കാണാന്‍ സാധിച്ചില്ലെങ്കിലും ഓണ്‍ലൈനിലൂടെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ആകെയുള്ള ഒരുലക്ഷം വോട്ടര്‍മാരില്‍ 18 ശതമാനവും മലയാളികള്‍ ഉള്ള സിറ്റികൂടിയാണ് മിസ്സോറി. അതുകൊണ്ടുതന്നെ ഇവിടെ മലയാളി വോട്ട് ഏറെ നിര്‍ണായകമാണ്.
>മലയാളികള്‍ പൂര്‍ണപിന്തുണയുമായി രംഗത്തുള്ളതാണ് കോട്ടയം കുറുമുളളൂര്‍ സ്വദേശി റോബിന് ഏറെ പ്രതീക്ഷ നല്‍കുന്നത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തുല്യശക്തികളായ ഇവിടെ പാര്‍ട്ടി അടിസ്ഥാനത്തില്‍ അല്ല മേയര്‍ തിരഞ്ഞെടുപ്പ്. മൂന്നുവട്ടം സിറ്റി കൗണ്‍സില്‍ അംഗവും ഒരുതവണ ഡെപ്യൂട്ടി മേയറുമായി അനുഭവ പരിചയമുള്ള റോബിന്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് നവംബര്‍ 3 ലെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
2009 ലാണ് ഇദ്ദേഹം ആദ്യമായി സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് റോബിന്‍. തുടര്‍ന്ന് 2011ലും 2013 ലും കൗണ്‍സില്‍ അംഗമായിരുന്ന റോബിന്‍ ഇലക്കാട്ട് 2015 ല്‍ രാഷ്ടീയം ഉപേക്ഷിച്ച് ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്, സ്വന്തം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ തിരക്കിലായിരുന്നു അദ്ദേഹം.
ഇത്തവണ മേയറായി മത്സരിക്കാന്‍ കാരണമുണ്ട്. രണ്ടു പതിറ്റാണ്ടിലേറെ മേയറായിരുന്ന അലന്‍ ഓവന്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടു. അദ്ദേഹത്തെ തോല്‍പ്പിച്ച യോളന്‍ഡ ഫോര്‍ഡിനെതിരേ സമൂഹത്തില്‍ ഉയര്‍ന്ന കടുത്ത എതിര്‍പ്പും പിന്നെ, അലന്‍ ഓവന്‍ അടക്കമുള്ള സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദവുമാണ് തന്നെ ഈ മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് റോബിന്‍ ഇലക്കാട്ട് പറയുന്നു.
കോളനി ലെയ്ക്‌സ് ഹോം ഓണേഴ്‌സ് അസോസിയേഷന്‍ ബോര്‍ഡ് അംഗവും പ്രസിഡന്റായിട്ടുമാണ് റോബിന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട്, സിറ്റിയുടെ പാര്‍ക്‌സ് ബോര്‍ഡ് വൈസ് ചെയര്‍മാനായി. അതിനു ശേഷമാണ് സിറ്റി കൗണ്‍സിലിലേക്ക് മൂന്നുവട്ടം മത്സരിച്ചത്. ഇതില്‍ രണ്ടു തവണയും എതിര്‍ സ്ഥാനാര്‍ഥികള്‍ പോലുമില്ലായിരുന്നു.