മുംബൈ: മുംബൈയില്‍ മാത്രം കോവിഡ് രോഗികള്‍ 9945 ആയതോടെ കൂടുതല്‍ ഐസലേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി ഉദ്ധവ് സര്‍ക്കാര്‍. ഇന്നലെ 635 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 9945. ഇന്നലെ മാത്രം മരണം 26. ആകെ മരണം 387.മാര്‍ച്ചില്‍ 9 പേര്‍ മരിച്ചപ്പോള്‍ ഏപ്രിലില്‍ സംഖ്യ 281 ആയി. മുംബൈയില്‍ ഐപിഎസ് ഉദ്യോഗസ്ഥനും 12 പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 841 പേര്‍ക്കു കൂടി രോഗബാധ. ആകെ രോഗികള്‍ 15382. സംസ്ഥാനത്ത് ഇന്നലെ 34 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 617 ആയി.
സ്ഥലസൗകര്യമുള്ള കെട്ടിടങ്ങള്‍ക്കു പുറമേ പാര്‍ക്കുകളും തിരഞ്ഞെടുത്ത മൈതാനങ്ങളും കൂടി താല്‍ക്കാലിക കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. രോഗികള്‍ മുപ്പതിനായിരം കടന്നേക്കുമെന്നാണു നിഗമനം. നഗരത്തില്‍ മരണനിരക്കും വര്‍ധിക്കുകയാണ്
മുംബൈ, പുണെ നഗരങ്ങളും പ്രാന്ത്രപ്രദേശങ്ങളും റെഡ് സോണ്‍ ആയി തുടരുന്നു. വര്‍ളിയില്‍ മുനിസിപ്പല്‍ കോര്‍പറേറ്റര്‍ക്കും ഭര്‍ത്താവിനും രോഗം ബാധിച്ചെങ്കിലും ഇരുവരുടെയും നില തൃപ്തികരം. മഹാരാഷ്ട്രയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ മദ്യ വില്‍പന ശാലകള്‍ തുറന്നു. ധാരാവി ചേരിയില്‍ കരുതല്‍ വര്‍ധിപ്പിച്ചെങ്കിലും രോഗികളുടെ എണ്ണവും കൂടുകയാണ്. 33 പേര്‍ക്കു കൂടി രോഗം ബാധിച്ചതോടെ ചേരിയില്‍ ആകെ രോഗികള്‍ 665 ആയി.