മുട്ടിൽ മരം മുറിക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷമായ വിമർശനം. അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് കോടതി കുറ്റപ്പെടുത്തി. വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യാത്തത് സർക്കാരിന്റെ നിഷ്‌ക്രിയത്വമെന്ന് കോടതി പറഞ്ഞു.അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന തെളിവാണ് ഇതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

 

കുറ്റക്കാർക്കെതിരെ എന്ത് നടപടികളെടുത്തുവെന്ന് അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് നടപടികൾ സംബന്ധിച്ച് തിങ്കളാഴ്ച്ചയ്ക്കകം സർക്കാർ മറുപടി അറിയിക്കണം. കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കാമെന്ന് സർക്കാർ പറഞ്ഞു. 701 കേസ് ഉണ്ടായിട്ടും ഒരു പ്രതിയെ പോലും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിമർശനം.