ഡല്‍ഹി: മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരം. മുഖര്‍ജി ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിന്റെ സഹായത്തിലാണെന്നും ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചു.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്രണബ് മുഖര്‍ജിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. ശസ്ത്രക്രിയയ്ക്കു ശേഷവും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മുഖര്‍ജിയെ നിരീക്ഷിച്ചു വരികയാണ്. അദ്ദേഹത്തിന് 84 വയസുണ്ട്. ശസ്ത്രക്രിയയ്ക്കു മുമ്പായി നടത്തിയ പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

മറ്റൊരു ചികിത്സാ ആവശ്യത്തിനായി ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റിവ് ആയതായി പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലുടെ വെളിപ്പെടുത്തിയത്.