മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുകളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം. നാളെ പതിനൊന്നു മണിക്ക് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
കിഫ്ബിയുടെ ധനസഹായത്തോടെയാണ് ഹൈടെക് സ്മാർട് ക്ലാസ് പദ്ധതി യാഥാർഥ്യമാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കൈറ്റ് ആണ്.
16027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട്ട് ക്ലാസ് റൂം പദ്ധതിക്കായി വിതരണം ചെയ്തത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ 4752 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി-അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയാറാക്കി. കിഫ്ബി ധനസഹായത്തിന് പുറമേ ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടും തദ്ദേശസ്ഥാപന ഫണ്ടും പദ്ധതിക്കായി പ്രയോജനപ്പെടുത്തി.