തിരുവനന്തപുരം: ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് നൽകിയില്ലെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്ന ട്രംപിന്റെ ഭീഷണി മുൻപെങ്ങും ഒരു രാഷ്ട്രത്തലവൻമാരിൽനിന്നും ഉണ്ടാകത്തതെന്ന് ശശി തരൂർ എംപി. പതിറ്റാണ്ടുകളായുള്ള തന്റെ പ്രവർത്തന പരിചയത്തിലെങ്ങും ഇതുപോലൊരു ഭരണാധികാരിയുടെ ഭീഷണി കേട്ടിട്ടില്ല.
ഒരു രാഷ്ട്രത്തിന്റെ തലവനോ രാഷ്ട്രമോ മറ്റൊന്നിനെ ഇതുപോലെ ഭീഷണിപ്പെടുത്തുന്നത് ഇതുവരെ കേട്ടിട്ടില്ല. മിസ്റ്റർ, ട്രംപ്.., മരുന്ന് ഇന്ത്യ നൽകാൻ തീരുമാനിച്ചാൽ മാത്രമേ അത് നിങ്ങളുടേതാവൂ എന്നും തരൂർ ട്വീറ്റ് ചെയ്തു.
കോവിഡിനെ പ്രതിരോധിക്കാൻ മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ അയയ്ക്കുവാൻ ട്രംപ് മോദിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്.
“ഞായറാഴ്ച രാവിലെ ഞാന്‍ മോദിയുമായി ഫോണില്‍ സംസാരിച്ച് മരുന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ മരുന്ന് എത്തിയിട്ടില്ല. മരുന്ന് അയച്ച് നൽകുമെന്ന് അറിയിച്ചതിൽ നന്ദി പറയുന്നു. മരുന്ന് തന്നില്ലെങ്കില്‍ പ്രശ്നമില്ല. പക്ഷേ, തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരും. യുഎസുമായുള്ള ബന്ധത്തെ ബാധിക്കും’. എന്നാണ് ട്രംപ് പറഞ്ഞത്.
ട്രപിന്റെ ഭീഷണി എത്തിയതിനു പിന്നാലെ ഇന്ത്യ 24 മരുന്നുകള്‍ക്ക് കയറ്റുമതി ചെയ്യുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. മനുഷത്വപരമായ സമീപനമാണ് ഇന്ത്യ സ്വീകരിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.