കോട്ടയം: മൂന്ന് ദിവസം തുടര്‍ച്ചയായി കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത കോട്ടയത്തില്‍ സമൂഹവ്യാപനമുണ്ടോയെന്ന് അറിയാനുള്ള റാന്‍ഡം ടെസ്റ്റുകള്‍ തുടരുകയാണ്. ഇടുക്കിയില്‍ നിന്നെത്തിച്ച ഒരാള്‍ ഉള്‍പ്പെടെ 18 പേരാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

സമൂഹ വ്യാപന സാധ്യത കണ്ടെത്താനുള്ള റാന്‍ഡം ടെസ്റ്റ് ആദ്യഘട്ട ഫലങ്ങള്‍ മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്. ഇന്നലെ പുറത്തു വന്ന 102 പരിശോധനാഫലങ്ങളും നെഗറ്റീവാണ്. 311 പേരുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്. കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോട്ടയം ഇടുക്കി ജില്ലകളുടെ സ്‌പെഷ്യല്‍ ഓഫീസറായി ചുമതലയേറ്റ അല്‍കേഷ് കുമാര്‍ ശര്‍മ്മ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.

രോഗികളുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ 519 പേര്‍ ഉള്‍പ്പെടെ 1393 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അതിഥി തൊഴിലാളികളെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ജില്ലയില്‍ ഉദയനാപുരം പഞ്ചായത്തും തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.