തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിന് ക്യൂ ഏര്‍പ്പെടുത്താന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ സജ്ജീകരിച്ച മൊബൈല്‍ ആപ്പിന് അന്തിമാനുമതിയായില്ല. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കാനുള്ള അന്തിമാനുമതിക്കു വേണ്ടിയാണ് ബിവറേജസ് അധികൃതര്‍ കാത്തിരിക്കുന്നത്.

ആദ്യം തയ്യാറാക്കിയ ആപ് ഗൂഗിളിന്റെ സുരക്ഷാ പരിശോധനയ്ക്കു നല്‍കിയിരുന്നു. ചില മാറ്റങ്ങള്‍ അവര്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം മാറ്റംവരുത്തിയ ആപ്ലിക്കേഷന്‍ വീണ്ടും നല്‍കിയിട്ടുണ്ട്.

അനുമതി കിട്ടിയാല്‍ ഉടന്‍ മദ്യവില്‍പ്പനയ്ക്കുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഈ നടപടിക്രമത്തെ ആശ്രയിച്ച്‌ മദ്യവില്‍പ്പന വൈകാനിടയുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ വെര്‍ച്വല്‍ ക്യൂവില്‍ ഉള്‍പ്പെടുത്തുന്നതിന് ബാര്‍, ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞു.

ബിവറേജസിന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തശേഷം അസല്‍ രേഖകള്‍ വെയര്‍ഹൗസ് മാനേജര്‍മാര്‍ക്കു നല്‍കണം. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെയാണ് അനുവദിച്ചിരുന്നത്. ഇതിനു പുറമേ 50 രൂപ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലവും നല്‍കണം.