ദുബായ് : യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിന് രോഗമുക്തി. ദുബായിലെ അല്‍ സഹ്റ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഈജിപ്ഷ്യന്‍ ദമ്ബതികളുടെ മകളാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.

ഏപ്രില്‍ മൂന്നാമത്തെ ആഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ മൂന്ന് സാമ്ബിളുകളും നെഗറ്റീവായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇവരുടെ 15 വയസുകാരനായ മകന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കുഞ്ഞിനെയും പരിശോധിച്ചത്. ചെറിയ പനിയും ചുമയുമുണ്ടായിരുന്നു. സഹോദരനും ഇതേ രോഗ ലക്ഷണങ്ങളായിരുന്നു പ്രകടിപ്പിച്ചത്. ഇതോടെ മാതാപിതാക്കളെയും ഇരുടെ മറ്റൊരു മകനെയും പരിശോധിച്ചെങ്കിലും ഇവര്‍ക്ക് കോവിഡ് നെഗറ്റീവ് ആയിരുന്നു.

എന്നാല്‍ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതറിഞ്ഞപ്പോള്‍ തങ്ങള്‍ വളരെ ആശങ്കയിലായിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മ പ്രതികരിച്ചു. കുട്ടിയെ നിരീക്ഷണത്തില്‍ പാര്‍‍പ്പിക്കണമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍, തന്നെ ഒപ്പം താമസിപ്പിക്കുവാന്‍ ആശുപത്രി അധികൃതര്‍ സമ്മതിച്ചു. തന്റെ ഒപ്പം മൂന്ന് വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. ഒപ്പം രോഗമുക്തിക്ക് പ്രയത്നിച്ച ആശുപത്രി അധികൃതര്‍ക്ക് മാതാപിതാക്കള്‍ നന്ദി അറിയിക്കുകയും ചെയ്തു.