ദുബായ് : കത്തോലിക്ക ദേവാലയമായ ഷാര്‍ജ സെന്റ് മൈക്കിള്‍സ് പള്ളിയിലെ വൈദീകനും അറബിക് സമൂഹത്തിന്റെ മതകാര്യ ഡയറക്ടറുമായ ഫാ. യൂസഫ് സാമി യൂസഫ് (63) അന്തരിച്ചു. കൊവിഡ് മൂലം നാലാഴ്ചയായി ആശൂപത്രിയില്‍ ചികിത്സയിലായിരുന്നു.
ഷാര്‍ജ സെന്റ് മൈക്കിള്‍സ് പള്ളിക്ക് കീഴിലെ മലയാളി സമൂഹം ഉള്‍പ്പടെയുള്ള വിവിധ വിഭാഗങ്ങളുമായും സംഘടനകളുമായും മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നു. ലബനന്‍ സ്വദേശിയായ ഫാ യൂസഫ് കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിലെ അംഗമാണ്. സംസ്‌കാരം ചടങ്ങുകള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ ഇത് ആദ്യമായാണ് ഒരു വൈദീകന്‍ കൊവിഡ് മൂലം മരിക്കുന്നത്. നേരത്തെ, മലയാളി വൈദീകര്‍ ഉള്‍പ്പടെയുള്ളവര്‍ രാജ്യത്ത് കൊവിഡ് പോസ്റ്റീവിന് ചികിത്സയിലായിരുന്നു. നിര്യാണത്തില്‍ വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യ ബിഷപ്പ് പോള്‍ ഹിന്റര്‍ അനുശോചനം രേഖപ്പെടുത്തി. ഫാ. യൂസഫിനായി പ്രത്യേക പ്രാര്‍ഥനയും നടന്നു.