അബുദാബി : യുഎഇയില്‍ പുതിയ കോവിഡ് ബാധിതരുടെയും രോഗമുക്‌തരായവരുടെയും എണ്ണം ഉയരുന്നു. ചൊവ്വാഴ്ച്ച 873പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 3പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 25063ഉം, മരണസംഖ്യ 227ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം ഏറെ ആശ്വാസം നല്‍കുന്നുണ്ട്. 1214പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 10791ആയി ഉയര്‍ന്നു. 38,000 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് പരിശോധന നടത്തിയതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്ത് നടന്നുവരുന്ന അണുനശീകരണ പ്രവൃത്തികളുടെ സമയക്രമം രാത്രി എട്ട് മണി മുതല്‍ രാവിലെ ആറ് വരെയാക്കിയിട്ടുണ്ടെന്നും ജൂണ്‍ ഒന്നു മുതല്‍ പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ അനുമതി നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു.
ഖത്തറില്‍ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,487 പേരില്‍ നടത്തിയ പരിശോധനയില്‍ 1,637 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു ഇതോടെ രോഗബാധിതരുടെ എണ്ണം 35,606ലെത്തി. 735 പേര്‍കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തരായവരുടെ എണ്ണം 5,634 ആയി ഉയര്‍ന്നു. 15പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. 29,957 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 163 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 1,452 പേരാണ് ആശുപത്രി ഐസലേഷനില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 221 പേരെയാണ് രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,66,182 ആയി ഉയര്‍ന്നു.
ഒമാനില്‍ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് ചൊവാഴ്ച മരിച്ചു. 57 വയസുള്ള ഒരു വിദേശിയാണ് മരിച്ചത്. 292 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 119 സ്വദേശികളും173 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26ഉം, രോഗം ബാധിച്ചവരുടെ എണ്ണം 5671ഉം ആയതായി ആരോഗ്യ മന്ത്രാലയം വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 1574 ആയി ഉയര്‍ന്നു. എട്ട് ഒമാന്‍ സ്വദേശികളും രണ്ടു മലയാളികളുമുള്‍പ്പെടെ പതിനെട്ട് വിദേശികളുമാണ് കോവിഡ് 19 ബാധിച്ച് ഇതുവരെ ഒമാനില്‍ മരണപ്പെട്ടത്.
സൗദിയില്‍ 9 പ്രവാസികള്‍ കൂടി കോവിഡ് ബാധിച്ച് ചൊവാഴ്ച്ച മരണപ്പെട്ടു. മക്കയില്‍ ആറുപേരും ദമ്മാമില്‍ രണ്ടുപേരും റിയാദില്‍ ഒരാളുമാണ് മരിച്ചത്. പുതിതായി 2509 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 329ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 59,845ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2886 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗ നേടിയവരുടെ എണ്ണം 28748 ആയി ഉയര്‍ന്നു. നിലവില്‍ 27,891 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 251 പേര്‍ ഗുരുതരാവസ്ഥയിലാണ്.