വാഷിങ്ടണ്‍ : അമേരിക്കയിലെ ക്യൂബന്‍ എംബസിയില്‍ യന്ത്രത്തോക്കുപയോഗിച്ച്‌ ആക്രമണം. ആര്‍ക്കും പരിക്കില്ല. വടക്കന്‍ വാഷിങ്ടണിലുള്ള ക്യൂബന്‍ എംബസിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 2.20നാണ് ആക്രമണമുണ്ടായത്. നാല്‍പത്തിരണ്ടുകാരനായ ടെക്സാസ് സ്വദേശി അലക്സാണ്ടര്‍ അലാസോ എകെ 47 ഉപയോഗിച്ച്‌ വെടിവെയ്ക്കുകയായിരുന്നു. വെടിവെയ്പില്‍ കെട്ടിടത്തിന് കേടുപാട് പറ്റി.

അലാസോയെ അറസ്റ്റു ചെയ്തതായും ആക്രമണ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനും അനധികൃതമായി തോക്ക് കൈവശം വച്ചതിനും കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ക്യൂബന്‍ എംബസി പ്രതികരിച്ചു. ആരാണ് ആക്രമണം നടത്തിെയതെന്നും എന്താണ് ഉദ്ദേശ്യമെന്നും അറിയേണ്ടതുണ്ടെന്നും എംബസി പ്രതികരിച്ചു.

എംബസി ആക്രമിച്ചവരെ ശിക്ഷിക്കണം: സിപിഐ എം

വാഷിങ്ടണിലെ ക്യൂബന്‍ എംബസിക്കുനേരെയുണ്ടായ വെടിവയ്പിനെ സിപിഐ എം അപലപിച്ചു. നയതന്ത്രകാര്യാലയങ്ങള്‍ക്ക് ആതിഥേയരാഷ്ട്രങ്ങള്‍ മതിയായ സുരക്ഷ നല്‍കണമെന്നാണ് വിയന്ന കണ്‍വന്‍ഷന്‍ ചട്ടം. ഇത് നിറവേറ്റുന്നതില്‍ അമേരിക്ക പരാജയപ്പെട്ടു. ക്യൂബന്‍ സുരക്ഷാ ഗാര്‍ഡുകള്‍ ഇടപെട്ടതിനാലാണ് അപായം ഒഴിവായത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വിദേശ സെക്രട്ടറി മൈക്ക് പോംപിയോയും നടത്തിവരുന്ന വിദ്വേഷജനക പരാമര്‍ശങ്ങളാണ് ഈ ആക്രമണത്തിനു കാരണം. കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടം സേഷ്യലിസ്റ്റ് ക്യൂബ മുന്നില്‍നിന്ന് നയിക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം. യൂറോപ്പ്, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലായി 59 രാജ്യത്ത് ക്യൂബന്‍ മെഡിക്കല്‍സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ക്യൂബയ്ക്ക് എതിരായ സാമ്ബത്തിക ഉപരോധം അമേരിക്ക ഉടന്‍ പിന്‍വലിക്കണം. ഈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ വ്യക്തികളെയും സംഘടനകളെയും ശിക്ഷിക്കണം. സോഷ്യലിസ്റ്റ് ക്യൂബയോടുള്ള ഐക്യദാര്‍ഢ്യം സിപിഐ എം ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ചു.