ന്യൂയോര്‍ക്ക്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ പട്ടികയില്‍ സര്‍വീസ് നടത്തുന്നത് ഏഴു വിമാനങ്ങള്‍. ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്കോ, ഷിക്കാഗോ എന്നിവിടങ്ങളില്‍നിന്ന് രണ്ടു വീതവും വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് ഒരു വിമാനവുമാണു ഡല്‍ഹിയിലേക്കും മുംബൈയിലേക്കും സര്‍വീസ് നടത്തുന്നത്. രോഗികള്‍, പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ആദ്യ പരിഗണന. ആദ്യ വിമാനം വ്യാഴാഴ്ചയോടെ ഉണ്ടാകുമെന്നാണ് അറിയുന്നത്.
1,360 ഡോളറാണ് ടിക്കറ്റിനായി എയര്‍ ഇന്ത്യ ഈടാക്കുന്നത്. ഈ സീസണില്‍ ഇത് അല്പം കൂടുതലാണ്. 14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ വിമാനത്തില്‍ മറ്റ് എന്റര്ടെയ്ന്മെന്റോ സര്‍വീസുകളോ ഉണ്ടായിരിക്കില്ല. ഭക്ഷണം യാത്ര പുറപ്പെടുംമുന്‍പേ യാത്രക്കാര്‍ കരുതണം. രണ്ടു കുപ്പി വെള്ളം വീതം വിമാനത്തില്‍ നല്‍കും.
300-ല്‍പ്പരം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടാകുക. അതുകൊണ്ടു സാമൂഹിക അകലം പാലിക്കാന്‍ സാധിക്കില്ല. എന്നാല്‍, യാത്രയിലുടനീളം എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ആകെ 15,000ത്തില്‍പ്പരം ആളുകളാണു നാട്ടിലേക്കു മടങ്ങിപ്പോകാന്‍ ഇതിനോടകം അമേരിക്കയിലെ വിവിധ കോണ്‍സുലേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ ആയിരത്തിനോടടുത്തു മലയാളികളുമുണ്ട്. വരും ആഴ്ചകളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകും.
ഷോളി കുന്പിളുവേലി