വാഷിംഗ്‌ടൺ: സ്വവർഗാനുരാഗികളും ലിംഗമാറ്റക്കാരുമായ ജീവനക്കാരുടെ വിവേചനത്തിനെതിരായി രാജ്യത്തെ പൗരാവകാശ നിയമങ്ങൾ അവരെകൂടി സംരക്ഷിക്കുന്നതാണെന്നു യുഎസ് സുപ്രീം കോടതി.
“ലിംഗം” അടിസ്ഥാനമാക്കി വിവേചനം തടയുന്ന 1964 ലെ സിവിൽ റൈറ്റ്സ് ആക്ടിന്‍റെ ടൈറ്റിൽ VII സ്വവർഗാനുരാഗികൾക്കും ലിംഗമാറ്റക്കാർക്കും ബാധകമാണോ എന്ന് തീരുമാനിക്കാൻ മൂന്നു കേസുകൾ കോടതിക്കുമുന്നിൽ എത്തിയതിനെ തുടർന്ന് തിങ്കളാഴ്ചയാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
9 പേരടങ്ങുന്ന ബെഞ്ചിൽ മൂന്നിനെതിരെ ആറു പേരുടെ ഭൂരിപക്ഷത്തിലാണ് ജസ്റ്റീസ് നീൽ ഗോർസുച്ച്, “സ്വവർഗാനുരാഗിയൊ ട്രാൻസ്‌ജെൻഡറോ ആണെന്നുള്ള കാരണത്താൽ ഒരു വ്യക്തിയെ പുറത്താക്കാൻ ഒരു തൊഴിലുടമക്ക് അവകാശമില്ല”.എന്ന് വിധി വാചകമെഴുതുയത്.
ചീഫ് ജസ്റ്റീസ് ജോൺ റോബർട്ട്സ്, ജസ്റ്റീസുമാരായ സ്റ്റീഫൻ ബ്രയർ, രൂത്ത് ബദർ ജിൻസ്‌ബർഗ്, എലീന കഗൻ, സോണിയ സൊട്ടോമയർ എന്നിവർ ഗോർസുച്ചിനൊപ്പം അനുകൂലിച്ചു. ജസ്റ്റീസുമാരായ സാമുവൽ അലിറ്റോ, ബ്രെറ്റ് കാവനോഗ്, ക്ലാരൻസ് തോമസ് എന്നിവർ വിയോജിച്ചു.
1964 ലെ സിവിൽ റൈറ്റ്സ് ആക്ടിന്‍റെ ശീർഷകം VIIൽ, ലിംഗഭേദം, ലിംഗം, വംശം, നിറം, ദേശഉത്ഭവം, മതം എന്നിവയുടെ അടിസ്ഥാനത്തിൽ ജീവനക്കാരോട് വിവേചനം കാണിക്കുന്നതിൽ നിന്ന് തൊഴിലുടമകളെ വിലക്കുന്നു. മുൻ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഭരണത്തിൽ, വിവേചന വിരുദ്ധ നിയമം നടപ്പിലാക്കുന്നതിൽ ഫെഡറൽ തുല്യ തൊഴിലവസര കമ്മീഷൻ, പ്രാമുഖ്യം കൊടുത്തിരുന്നു.
യുഎസിലെ ചില സംസ്ഥാനങ്ങൾ ഇതിനകം തന്നെ എൽജിബിടി തൊഴിലാളികൾക്ക് സംരക്ഷണം നൽകിയിരുന്നുവെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും പാലിച്ചിരുന്നില്ല.
അതേസമയം ആളുകൾ തങ്ങളുടെ ലൈംഗികതയെ ജോലിസ്ഥലത്ത് മറച്ചുവയ്ക്കുന്നതിനു അവസാനമായെന്നാണ് പറഞ്ഞാണ് എൽജിബിടി അഭിഭാഷകർ ഈ തീരുമാനത്തെ പ്രശംസിച്ചത്.
റിപ്പോർട്ട്: അജു വാരിക്കാട്