ലഖ്‌നോ: യുപിയിലും പ്രത്യേകിച്ച്‌ തലസ്ഥാന നഗരമായ ലഖ്‌നോവിലും പുതുതായി രോഗബാധ വര്‍ധിക്കുന്നതിനു പിന്നില്‍ ലോക്ക്ഡൗണ്‍ ലംഘനങ്ങളെന്ന് ലഖ്‌നോ ശ്യാമപ്രസാദ് മുഖര്‍ജി സിവില്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അഷുതോഷ് കുമാര്‍ ദുബെ.

വാഹനഗതാഗതം അതിയായി വര്‍ധിച്ചിരിക്കുകയാണ്. ജനങ്ങള്‍ വലിയ തോതില്‍ പുറത്തിറങ്ങുന്നു. അവര്‍ കൂടിനില്‍ക്കുന്നു. ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ വലിയ പ്രശ്‌നമായി മാറിക്കഴിഞ്ഞു- ഡോ. അഷുതോഷ് മാധ്യമങ്ങളോട് പറഞ്ഞു.

മറ്റൊരു കാരണം സംസ്ഥാനത്തെത്തുന്ന കുടിയേറ്റത്തൊഴിലാളികള്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് പോകാതെ നേരെ വീടുകളിലേക്ക് പോകുന്നതാണെന്നും ഡോ. അഷുതോഷ് പറഞ്ഞു. അടുത്ത കാലത്തൊന്നും കൊവിഡ് നമ്മുടെ സംവിധാനത്തില്‍ നിന്ന് പോവുകയില്ലെന്നതുകൊണ്ടുതന്നെ ജനങ്ങള്‍ നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും പരിപാലിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.

കൊവിഡ് രോഗികള്‍ക്കും മറ്റ് ഇതര രോഗികള്‍ക്കും മെഡിക്കല്‍ സേവനങ്ങള്‍ യുപിയില്‍ തടസ്സം കൂടാതെ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,735 ആയി. സംസ്ഥാനത്തിന്റെ കൊവിഡ് വ്യാപന നിരക്ക് നിലവില്‍ 2.68 ആണ്.