തിരുവനന്തപുരം: യുഎഇയിലേക്ക് പ്രത്യേക വിമാനത്തിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടങ്ങിയ സംഘത്തെ അയക്കുന്നു എന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന സർക്കാരിന്റെ അറിവോടെ ഉള്ളതല്ല ഈ വാർത്തയ്ക്ക് ആധാരമായ കാര്യങ്ങളെന്നും ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ എംഡി ഡോ.കെ.പി.ഹുസൈൻ അങ്ങനെ വാഗ്ദാനം നൽകി ദുബായ് ഹെൽത്ത് അതോറിറ്റിക്ക് ഒരു കത്തയച്ച കാര്യം പുറത്തു വന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വസ്തുതകൾ ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുദമിയെ അറിയിച്ചു. യുഎഇയിലേക്ക് മെഡിക്കൽ സംഘത്തെ അയക്കുമെന്ന ആ വാഗ്ദാനവുമായി സംസ്ഥാന ഗവൺമെന്റിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്തെഴുതിയ വ്യക്തിക്ക് സംസ്ഥാന സർക്കാരിന് വേണ്ടി സംസാരിക്കാനുള്ള ചുമതലയില്ല- കത്തിൽ വ്യക്തമാക്കുന്നു.