ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് തയാറാക്കിയ 1000 ബസുകള്‍ സംബന്ധിച്ച തര്‍ക്കം തീരുന്നു. ബസുകള്‍ ഇന്ന് വൈകുന്നേരം അഞ്ചോടെ ഗാസിയാബാദ്, നോയിഡ അതിര്‍ത്തികളില്‍ എത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറിയിച്ചു.
ബസില്‍ യാത്ര ചെയ്യേണ്ട തൊഴിലാളികളുടെ പട്ടിക സര്‍ക്കാര്‍ തയാറാക്കാന്‍ നിര്‍ദേശിച്ച് പ്രിയങ്ക യുപി ആഭ്യന്തരസെക്രട്ടറിക്ക് കത്ത് അയച്ചു. നോയിഡയിലേക്ക് 500 ബസുകളും ഗാസിയാബാദിലേക്ക് 500 ബസുകളും ഇന്ന് ഉച്ചക്ക് 12 ന് എത്തിക്കണമെന്ന് പ്രിയങ്കയോട് യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈകുന്നേരം അഞ്ചോടെ ബസുകള്‍ ഈ സ്ഥലത്ത് എത്തുമെന്ന് പ്രിയങ്കയുടെ പഴ്സണല്‍ സെക്രട്ടറി സന്ദീപ് സിംഗ് സര്‍ക്കാരിന് മറുപടി നല്കി.
“നിങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് ബസുകള്‍ വൈകുന്നേരം അഞ്ചിന് നോയിഡ, ഗാസിയാബാദ് അതിര്‍ത്തിയിലെത്തും. യാത്രക്കാരുടെ പട്ടികയും റൂട്ട് മാപ്പും തയാറാക്കുക- പ്രിയങ്ക യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തിക്ക് എഴുതിയ കത്തില്‍ പറഞ്ഞു. തൊഴിലാളികള്‍ക്കുള്ള ബസുകള്‍ അതത് ജില്ലാ ഭരണാധികാരികളുടെ പക്കല്‍ എത്തിക്കണമെന്ന് സര്‍ക്കാര്‍ പ്രിയങ്കയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മറുപടി നല്‍കിയത്.