അബുദാബി • യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഒരു ഇന്ത്യന്‍ നേവി കപ്പലും യു.എ.ഇയിലേക്ക് വരുന്നതായി ഒരു വിവരവുമില്ലെന്ന് ഉന്നത ഇന്ത്യന്‍ പ്രതിനിധി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സമുദ്ര സേതു ഓപ്പറേഷന്‍ പ്രഖ്യാപിച്ചതുമുതല്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കുടുങ്ങിപ്പോയ പൗരന്മാരെ ഒഴിപ്പിക്കാന്‍ 14 കപ്പലുകള്‍ തയ്യാറായിട്ടുണ്ടെന്നും അതില്‍ രണ്ട് എണ്ണം മെയ് 5 ന് പുറപ്പെട്ടതായും ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുടുങ്ങിയ പൗരന്മാരെ കൊണ്ടുവരുന്നതിനായി സതേണ്‍ നേവല്‍ കമാന്‍ഡുമായി ബന്ധപ്പെട്ട ഐ.എന്‍.എസ് ഷാര്‍ദുല്‍ ദുബായിലേക്ക് പുറപ്പെട്ടതായും ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൂടാതെ, നാവികസേനയുടെ ജലാശ്വ മാലിദ്വീപിലെ തുറമുഖത്ത് പ്രവേശിച്ച ശേഷം, യു.എ.ഇ അധികൃതരുടെ അനുമതിക്കായി ഒരു കപ്പല്‍ ദുബായ് തീരത്തിന് പുറത്ത് കാത്തുനില്‍ക്കുന്നതായും പ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇതുവരെ ഒരു നാവിക കപ്പലിനെക്കുറിച്ചും അറിയില്ലെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു.
‘ഒരു നാവിക കപ്പലിനെക്കുറിച്ചും ഒരു വാര്‍ത്തയുമില്ല. സത്യംപറഞ്ഞാല്‍, യു.എ.ഇയിലേക്ക് വരുന്ന ഒരു കപ്പലിനെക്കുറിച്ചും ഞങ്ങളോട് പറഞ്ഞിട്ടില്ല,’ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളില്‍ കപ്പലുകള്‍ ഇവിടെയെത്തുമോയെന്ന് ചോദിച്ചപ്പോള്‍, തങ്ങളെ സംബന്ധിച്ചിടത്തോളം യു.എ.ഇയിലേക്ക് ഒരു കപ്പലും വരുന്നതായി തങ്ങള്‍ക്ക് വിവരമില്ല, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, മാലദ്വീപില്‍ കുടുങ്ങിയ 698 പൗരന്മാരുമായി ഐ.എന്‍.എസ് ജലാശ്വ ഞായറാഴ്ച കൊച്ചിയിലെത്തി.