ബ്രസ്സല്‍സ് | കൊറോണവൈറസ് ബാധയുടെ തീവ്രതയുമായി രോഗിയുടെ രക്തഗ്രൂപ്പ്, ജനിതക ഘടകങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് യൂറോപ്യന്‍ പഠനം. മറ്റ് രോഗങ്ങളേക്കാള്‍ കൊവിഡ് തീവ്രതയേറുന്നത് എന്തുകൊണ്ടാണെന്ന ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എ ഗ്രൂപ്പ് രക്തമുള്ളവരില്‍ കൊറോണവൈറസ് ബാധിച്ചാല്‍ തീവ്രതയേറാനും മോശം ലക്ഷണങ്ങള്‍ വികസിക്കാനും ഇടയുണ്ടെന്ന് പഠനത്തില്‍ പറയുന്നു. യൂറോപ്പില്‍ നിന്നുള്ള നാലായിരത്തിലേറെ പേരുടെ ജീനുകള്‍ വിശകലനം ചെയ്തതില്‍ കൊവിഡ് തീവ്രമായവരിലെ ജീനുകളില്‍ പൊതുവായ ചില കാര്യങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് ശക്തമായവരില്‍ ശരീരത്തിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനം സമാനമായിരുന്നുവെന്ന് ഒരു കൂട്ടം ജീനുകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി.
മറ്റുള്ളവയേക്കാള്‍ എ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് കൊവിഡ് തീവ്രമാകാനുള്ള സാധ്യത 45 ശതമാനം അധികമാണ്. അതേസമയം, ഒ ഗ്രൂപ്പുള്ളവര്‍ക്ക് സാധ്യത 35 ശതമാനം കുറവുമാണ്. അതേസമയം, ഇത് പ്രധാന സൂചനകളാണെന്നും കൂടുതല്‍ ഗവേഷണം അനിവാര്യമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.