കാള്‍സ്‌റൂഹി: രണ്ടു ആണവ നിലയങ്ങള്‍ തകര്‍ത്ത് ജര്‍മ്മനി. തെക്കുപടിഞ്ഞാറന്‍ കാള്‍സ്‌റൂഹിനടുത്തുള്ള ഫിലിപ്‌സ്ബര്‍ഗ് പ്ലാന്റിലെ രണ്ട് ആണവ കൂളിംഗ് ടവറുകളാണ് ജര്‍മ്മനി പൊളിച്ചു കളഞ്ഞത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ടവറുകള്‍ തകര്‍ത്തത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ജനക്കൂട്ടം തടിച്ചു കൂടാതിരിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളോടെയാണ് സ്‌ഫോടനം നടത്തിയത്. വ്യാഴാഴ്ച്ച രാവിലെയായിരുന്നു പൊളിക്കല്‍ നടപടികള്‍.

2022 ഓടെ ന്യൂക്ലിയാര്‍ പവര്‍ പ്ലാന്റുകള്‍ ഉപേക്ഷിക്കാനുള്ള ജര്‍മ്മനിയുടെ ഉൗര്‍ജ നയത്തിന്റെ ഭാഗമായാണ് തീരുമാനം. സൈറ്റിന്റെ ഓപ്പറേറ്റര്‍ എന്‍ബിഡബ്യു പൊളിച്ചു മാറ്റുന്ന ദൃശ്യങ്ങള്‍ ഒന്നിലധികം ക്യാമറകള്‍ ഉപയോഗിച്ച്‌ പകര്‍ത്തിയിരുന്നു.

ആണവോര്‍ജം ഉപേക്ഷിക്കാനുള്ള ജര്‍മ്മനിയുടെ പദ്ധതിയുടെ ഭാഗമായി നേരത്തെ പ്ലാന്റിന്റെ രണ്ട് റിയാക്ടറുകള്‍ അടച്ചിരുന്നു. 2022 അവസാനത്തോടെ ജര്‍മ്മനിയുടെ അവസാന ആണവ റിയാക്ടറും സ്വിച്ച്‌ ഓഫ് ചെയ്യും.