രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37776 ആയി. 24 മണിക്കൂറിനിടെ 2293 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റദിവസത്തിനിടെ രാജ്യത്ത് ഇത്രയേറെ പേര്‍ കൊവിഡ് ബാധിതര്‍ ആകുന്നത് ആദ്യമായാണ്. ഇതുവരെ 1223 കൊവിഡ് ബാധിച്ച്‌ മരിച്ചു. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ ഇന്നലെമാത്രം ആയിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

10018 പേര്‍ക്ക് രോഗം ഭേദമായെങ്കിലും 1223 പേര്‍ മരിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്രയില്‍ 12296 പേരാണ് രോഗികള്‍. ഗുജറാത്തില്‍ 5054 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 333 പേര്‍ക്കാണ് ഗുജറാത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. 896 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍ 262 പേര്‍ ഇതിനോടകം മരിച്ചുവെന്നും ആരോഗ്യവകുപ്പിന്റെ ഇന്നത്തെ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

മഹാരാഷ്ട്രയില്‍ മാത്രം മരണം 500 കടന്നു. ഇന്ന് മാത്രം 36 പേരാണ് മരിച്ചത്. ആകെ മരണം 521 ആയി. ഇന്ന് 790 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 231 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 2757 ആയി. ചെന്നൈയില്‍ മാത്രം 174 പേര്‍ക്ക് വൈറസ് ബാധയേറ്റു. കൂടുതല്‍ പേര്‍ക്കും രോഗലക്ഷണമില്ല. തിരുപ്പൂര്‍ ഉള്‍പ്പെടെ അതിര്‍ത്തി ജില്ലകളിലും പുതിയ രോഗികളുണ്ട്. ചെന്നൈയില്‍ മാത്രം രോഗബാധിതര്‍ 1257 ആയി.