രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി. മരണം 91,000 വും കടന്നു. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ വീണ്ടും 20,000ത്തിന് മുകളിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാനങ്ങളിൽ പരിശോധനകൾ വർധിപ്പിക്കാനുള്ള നടപടികൾക്ക് ഊന്നൽ നൽകണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നിർദേശിച്ചു. അതിനിടെ കൊവിഡ് ചികിത്സയിൽ കഴിയുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
കഴിഞ്ഞ രണ്ട് ദിവസമായി 90,000ന് താഴെയായിരുന്നു പ്രതിദിന കേസുകളുടെ എണ്ണം. അതേസമയം, മരണം 1000ന് മുകളിൽ തന്നെ തുടർന്നു. മഹാരാഷ്ട്രയിൽ 21,029 പുതിയ കേസും 489 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായി. ആന്ധ്രയിൽ 7223ഉം കർണാടകയിൽ 6997ഉം തമിഴ്‌നാട്ടിൽ 5325ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽ 3714 പുതിയ കേസും 36 മരണവുമാണ് കഴിഞ്ഞ് 24 മണിക്കൂറിനിടെ ഉണ്ടായത്. കൊവിഡ് ബാധിതനായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എൽഎൻജെപി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അതിനിടെ രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ പരിശോധന, പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി. ജില്ലാ തലങ്ങളിലെയും ബ്ലോക് തലങ്ങളിലെയും ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തണമെന്നും രോഗപ്രതിരോധം ഫലപ്രദമായ സ്ഥലങ്ങളിൽ നിന്നുള്ള മാതൃകകൾ പിൻപറ്റണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.