ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1993 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 35,365 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.
24 മണിക്കൂറിനിടെ 564 പേര്‍ക്ക് രോഗം ഭേദമായി. 77 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 25,148 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 9,064 പേര് രോഗം ഭേദമായവരാണ്. ഒരാള്‍ രോഗം സ്ഥിരീകരിച്ച ശേഷം രാജ്യം വിട്ടതാണ്. 1,152 പേര് മരണത്തിന് കീഴടങ്ങി. നിയന്ത്രണങ്ങള്‍ ഓരോരുത്തരും കര്‍ശനമായി പാലിക്കണമെന്നും മാസ്ക് ധരിക്കുന്നതടക്കമുള്ള മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്നും ലവ് അഗര്‍വാള്‍ അറിയിച്ചു.
അതേസമയം, ചെന്നൈ കോര്‍പ്പറേഷനിലെ 19 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.