തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളില്‍ രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

സെമ്പിയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഒരു കുട്ടി ചികിത്സയിലുള്ളത്. പനി, ജലദോഷം, ചുമ തുടങ്ങി സാധാരണ ന്യുമോണിയയുടെ ലക്ഷണങ്ങളാണ് കുട്ടിയ്ക്കുള്ളതെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. ഗുണ്ടിയിലെ സ്വകാര്യ പീഡിയാട്രിക് ആശുപത്രിയിലാണ് രണ്ടാമത്തെ കുട്ടി ചികിത്സ തേടിയത്. കുട്ടികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചൈനയില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന എച്ച്എംപിവി വൈറസ് വകഭേദം തന്നെയാണോ കുട്ടികളുടെ ശരീരത്തിലേക്ക് പ്രവേശിച്ചതെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല

കൊല്‍ക്കത്തയില്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്എംപിവി വൈറസ് ബാധ കണ്ടെത്തിയത്. നേരത്തെ കര്‍ണാടകയിലും ഹൈദരബാദിലും കുട്ടികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, രാജ്യത്തെ എച്ച്എംപിവി വ്യാപനത്തില്‍ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ഒരു പുതിയ വൈറസ് അല്ലെന്നും ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും ഇതിനകം രോഗം കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്‍ഫ്ളുവന്‍സയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ള എച്ച്എംപിവി കേസുകളില്‍ അസാധാരണമായ ഒരു വര്‍ധനയും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു