ന്യൂഡല്‍ഹി: ഇരുപത്തിനാല് മണിക്കൂറിനിടെ 55,838 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 77,06,946 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 68,74,518 പേര് രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 79,415 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവില്‍ 7,15,812 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായ കോവിഡ് രോഗികളുടെ പ്രതിദിനകണക്കില്‍ കുറവ് വരുന്നത് രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്. അതുപോലെ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും മരണനിരക്കില്‍ കുറവ് എന്നതും ആശ്വാസകരം തന്നെയാണ്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 702 മരണങ്ങള് ഉള്‍പ്പെടെ 1,16,616 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കോവിഡ് പരിശോധനകളും രാജ്യത്ത് വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. 24 മണിക്കൂറിനിടെ 14,69,984 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കണക്കുകള്‍ അനുസരിച്ച് ഇതുവരെ പത്തുകോടിയോളം കോവിഡ് പരിശോധനകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡ് പ്രതിദിന കണക്കില്‍ കുറവ് വരുന്നുണ്ടെങ്കിലും ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉത്സവ സീണണ്‍-ശീതകാലം തുടങ്ങിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടാകുമെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയാണ് മുന്നറിയിപ്പ് നല്‍കിയത്.