ഡല്‍ഹിയിലുള്ള എല്ലാവര്‍ക്കും കോവിഡ് ചികിത്സ നല്‍കണമെന്ന ലഫ്.ഗവര്‍ണറുടെ തീരുമാനം അനുസരിക്കുമെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍. ഈ സമയത്ത് ഒരു എതിര്‍പ്പ് പ്രകടിപ്പിക്കില്ല, രാഷ്ട്രീയം കളിക്കില്ലെന്നും അദേഹം വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പറഞ്ഞു.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ 62 സീറ്റുകള്‍ നേടി. എന്നാലും എന്ത് ചെയ്യണമെന്ന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നു, എന്ത് ചെയ്യണമെന്ന് ലഫ്.ഗവര്‍ണര്‍ ഉത്തരവിട്ടിരിക്കുന്നു. ആ തീരുമാനം നടപ്പിലാക്കും. വിസമ്മതിക്കാനുള്ള സമയമല്ല. ഇക്കാര്യത്തില്‍ തര്‍ക്കങ്ങളോ വാദങ്ങളോ ഇല്ല. ഈ സമയം രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പോരടിച്ചാല്‍ ഒടുവില്‍ വിജയിക്കുന്നത് കൊറോണ വൈറസ് ആയിരിക്കും. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം ഒന്നിക്കണം. എത്ര വലിയ പ്രതിസന്ധിയിലാണ് നമ്മളുള്ളതെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹിക്കാര്‍ക്ക് മാത്രമേ ചികിത്സ നല്‍കുകയുള്ളൂവെന്ന് കെജ്രിവാള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവ് ഗവര്‍ണര്‍ അപ്പാടെ തള്ളുകയും എല്ലാവര്‍ക്കും ചികിത്സ നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

രോഗികളെ ചികിത്സിക്കാന്‍ പരിമിതമായ ബെഡ് സൗകര്യം മാത്രമേ ഉള്ളൂവെന്നും ഇത് ഡല്‍ഹിക്കാര്‍ക്ക് വേണ്ടി മാറ്റിവെക്കുമെന്നുമാണ് കെജരിവാള്‍ നിലപാട് എടുത്തത്. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ വിഷയത്തില്‍ ഇടപെടുകയും ഉത്തരവ് റദ്ദാക്കുകയും ചെയ്തത്.

വിവേചനം കൂടാതെ എല്ലാ രോഗികള്‍ക്കും ഡല്‍ഹിയില്‍ ചികിത്സ നല്‍കും. സ്ഥിര താമസക്കാരനല്ല എന്നതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കാനാവില്ലെന്നും ലഫ്. ഗവര്‍ണര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് പാലിക്കുമെന്നാണ് കെജ്‌രിവാള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.