തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍. നോഡല്‍ ഓഫീസര്‍ ഡോ. അരുണ, ഹെഡ് നഴ്‌സുമാരായ ലീന, കുഞ്ഞന്‍ എന്നിവര്‍ക്കെതിരെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം നടത്തും.

മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച്‌ ഡി എം ഇ വിശദമായ അന്വേഷണം നടത്തും. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍, സംഭവത്തില്‍ യഥാര്‍ഥ ഉത്തരവാദികളെ ഒഴിവാക്കിയെന്ന് ആരോപിച്ച്‌ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ചില സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ആഗസ്റ്റ് 21ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ദുരനുഭവമുണ്ടായത്. ഡിസ്ചാര്‍ജ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ എത്തിയപ്പോഴാണ് അനില്‍ കുമാറിന്റെ ശരീരത്തില്‍ പുഴുവരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.