ന്യൂയോർക്ക് ∙ സുപ്രീം കോർട്ട് ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ് (സ്കോട്ടസ്) ജസ്റ്റിസ് റൂത്ത് ബേഡർ ഗിൻസ്ബർഗിന്റെ മരണം മൂലം ഉണ്ടായ ഒഴിവിലേയ്ക്കു മറ്റൊരു ജഡ്ജിയെ ഉടനെ തന്നെ നോമിനേറ്റ് ചെയ്യുകയും, പ്രതീക്ഷിക്കുന്നതുപോലെ അടുത്ത വർഷം സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് നിയമനം സ്ഥിരീകരിക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യുഎസ് സെനറ്റ് മെജോറിറ്റി ലീഡർ കെന്റക്കിയിൽ നിന്നുള്ള സെനറ്റർ മിച്ച് മക്കൊണലും ഈ അഭിപ്രായം ശരിവച്ചു.

ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ, പ്രസിഡന്റ് സ്ഥാനാർഥി ജോബൈഡൻ ഉൾപ്പെടെ ഈ പ്രസ്താവനകളെ എതിർത്തു. നവംബർ 3ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനും ജനുവരിയിൽ പുതിയ ഗവൺമെന്റ് സ്ഥാനം ഏൽക്കുന്നതിനുംശേഷം മതി പുതിയ ജസ്റ്റിസിന്റെ നിയമനം എന്ന് ഇവർ വാദിച്ചു. 2016 ൽ ജസ്റ്റിസ് അന്റോനിൻ സ്കാലിയ മരിച്ചപ്പോൾ ആ ഒഴിവിലേയ്ക്കു പ്രസിഡന്റ് ബരാക്ക് ഒബാമ ജഡ്ജ് മെറിക്ക് ഗാർലന്റിനെ നോമിനേറ്റ് ചെയ്തു. 2016 ലെ തിരഞ്ഞെടുപ്പ് ഏഴ് മാസങ്ങൾക്ക് ശേഷം ആയിരുന്നിട്ടും ഈ നിയമനം സ്ഥിരീകരിക്കുവാൻ സെനറ്റിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കനുകൾ സമ്മതിച്ചില്ല. ഈ ചരിത്രമാണ് ഡെമോക്രാറ്റുകൾ ഓർമ്മിപ്പിക്കുന്നത്. എന്നാൽ അന്ന് പ്രസിഡന്റ് ഡെമോക്രാറ്റായിരുന്നു, സെനറ്റിൽ ഭൂരിപക്ഷം റിപ്പബ്ലിക്കനുകൾക്കുമായിരുന്നു എന്ന മറുവാദം റിപ്പബ്ലിക്കനുകൾ ഉയർത്തുന്നു.

ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമോ എന്ന ആശങ്കയാണ് ജസ്റ്റിസ് നോമിനേഷന്റെ പിന്നിലെ ധൃതികൂട്ടൽ എന്നും ആരോപിക്കപ്പെടുന്നു. അടുത്ത നാല് വർഷത്തിനുള്ളിൽ മൂന്നോ നാലോ ജസ്റ്റിസുമാരെ നിയമിക്കേണ്ടി വരുമെന്നും അധികാരത്തിൽ വരുന്നത് ബൈഡനാണെങ്കിൽ ഈ ജസ്റ്റീസുമാർ യാഥാസ്ഥിതിക മനോഭാവം ഉള്ളവരാകില്ലെന്നും സുപ്രീം കോടതിയുടെ ബാലൻസിങ് പ്രവർത്തനം തന്നെ മാറി മറിയുമെന്നും ഇവർ പറയുന്നു.

ട്രംപ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും സെനറ്റിൽ റിപ്പബ്ലിക്കനുകൾ ഭൂരിപക്ഷം നിലനിർത്തുകയും ചെയ്താൽ ട്രംപ് നോമിനേറ്റ് ചെയ്ത ജസ്റ്റീസ് സെനറ്റ് ജൂഡീഷ്യറി കമ്മിറ്റിക്കു മുന്നിൽ സ്ഥിരീകരണ വിചാരണ നേരിടുമ്പോൾ ആ ജസ്റ്റീസിന് വലിയ വിശ്വാസ്യത ഉണ്ടാവില്ല. ട്രംപ് പരാജയപ്പെടുകയും റിപ്പബ്ലിക്കനുകൾക്ക് സെനറ്റിലെ ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്താൽ ഇപ്പോൾ നിയമിതനാകുന്ന ജസ്റ്റീസിന്റെ വിശ്വാസ്യതയ്ക്കു കൂടുതൽ മങ്ങലേല്ക്കും. ഇത് ജസ്റ്റീസ് ഔദ്യോഗികമായി തുടരുന്നിടത്തോളം നിലനില്ക്കും. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇങ്ങനെ ഒരു ജസ്റ്റീസ് സുപ്രീം കോടതിയിൽ ഉണ്ടായിട്ടില്ല. ട്രംപിന്റെ ലക്ഷ്യം സുപ്രീംകോടതിയിലെ ഒഴിവ് നികത്തുകയും അടുത്ത നാല് വർഷത്തേയ്ക്കു കൂടി തന്റെ ഭരണം ഉറപ്പ് വരുത്തുകയും സെനറ്റിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷം നിലനിർത്തുകയുമാണ്. ഇങ്ങനെ തന്റെ അജണ്ടയിലുള്ള കുടിയേറ്റ ഭേദഗതി നിയമം, അതിർത്തി മതിൽ നിർമ്മാണം, നികുതിപരിഷ്കാരം, വാണിജ്യ നിയമഭേദഗതികൾ എന്നിവ നടപ്പിലാക്കുകയും മറ്റൊരു ഇംപീച്ച്മെന്റ് നടപടി നേരിടേണ്ടി വന്നാൽ പ്രതിരോധം തീർക്കുക എന്നിവയാണ്. തിരഞ്ഞെടുപ്പിന് മുൻപ് ഒഴിവുനികത്തൽ പ്രക്രിയ ആരംഭിക്കുന്നത് റിപ്പബ്ലിക്കൻ വോട്ടർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കും എന്നൊരു കണക്കുകൂട്ടൽ കൂടിയുണ്ട്.

ജിൻസ്‌ബർഗിന്റെ പിൻഗാമിയായി ഒരു സ്ത്രീയെ തന്നെ പരിഗണിക്കും എന്ന് ട്രംപ് പറഞ്ഞു. മുന്നിൽ നില്ക്കുന്ന പേരുകളിൽ പ്രധാനം യുഎസ് സർക്യൂട്ട് കോർട്ട് ജഡ്ജ് ഏമികോണി ബാരറ്റാണ്. 2018 ൽ ജസ്റ്റീസ്സ് ആന്തണി എം കെന്നഡിയുടെ പകരക്കാരായ പരിഗണിച്ച നാല് പേരിൽ ഒരാളാണ് ഇവർ. 48 കാരിയായ ഇവർ മുൻ നോട്ടർഡേം ലോ പ്രഫസറാണ്.മറ്റൊരു പേർ ജഡ്ജ് ബാർബറ ലഗോയ ആണ്. 52 കാരിയായ ഇവർ ഹിസ്പാനിക്കാണ്. അറ്റ്ലാന്റയിലെ ഇലവൻത് സർക്യൂട്ട് കോടതിയിലും ഫ്ലോറിഡ സുപ്രീം കോടതിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മറ്റൊരു പേർ ജഡ്ജ് ആലിസൺ ജോൺസ് റഷിങ്ങിന്റെയാണ് ആണ്.38 കാരിയായ ഇവരെ കഴിഞ്ഞ വർഷമാണ് വെർജിനിയയിലെ ഫോർത്‌സർക്യൂട്ട് കോടതിയിൽ നിയമിച്ചത്.

ഒരു ഇന്ത്യൻ വംശജന്റെ പേര് കൂടി ഉയർന്ന് കേൾക്കുന്നുണ്ട്. 51 കാരനായ ജഡ്ജ് അമുൽ താപ്പർ കെന്റക്കിയിൽ ഫെഡറൽ ജഡ്ജ് ആയിരുന്നു. 2017 മെയിൽ ഇയാളെ ട്രംപ് സിക്സ്ത്ത് സർക്യൂട്ട് കോടതിയിലേയ്ക്കു നോമിനേറ്റ് ചെയ്തു. പക്ഷെ പുരുഷനായതിനാൽ താപ്പറെ പരിഗണിക്കുവാൻ സാധ്യതയില്ല. ഇയാളെ നിയമിച്ചാൽ സുപ്രീം കോടതിയിലെ ആദ്യത്തെ ഏഷ്യൻ അമേരിക്കൻ ജസ്റ്റീസാകും. സിൻസിനാറ്റി സിക്സ്ത് സർക്യൂട്ട് കോർട്ടിലെ ജഡ്ജ് ജോവൻ ലാഴ്സൻ, ഫിലാഡൽഫിയ തേർഡ് സർക്യൂട്ട്‌കോർട്ടിലെ ജഡ്ജ് തോമസ് ഹാർഡിമാൻ, ജഡ്ജ്മാരായ റെയ്മോണ്ട് കെത്‌ലഡ്ജ്, ബ്രിട്ട്ഗ്രാന്റ് നിയോമി റാവു എന്നിവരും പരിഗണയിലുണ്ടെന്ന് ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സുപ്രീം കോടതിയിലെ ഒൻപത് ജസ്റ്റീസ്മാരിൽ 4 പേർ യാഥാസ്ഥിതികരും 4 പേർ വിശാല, ഇടതുപക്ഷ ചായ്‌വ് ഉള്ളവരും ആയാണ് കരുതിപോന്നിരുന്നത്. മദ്ധ്യസ്ഥ ചിന്താഗതിക്കാരനായ ചീഫ് ജസ്റ്റീസ് ജോൺ റോബർട്ട്സിനെ നിയമിച്ചത് പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് ആയിരുന്നെങ്കിലും പലപ്പോഴും വിശാല ചിന്താഗതിക്കാരായ ജസ്റ്റീസുമാർക്കൊപ്പം ചേർന്ന് നിന്നാണ് വിധി ന്യായം പുറപ്പെടുവിച്ചിരുന്നത്.

വിശാല ചിന്താഗതിക്കാരിയായി അറിയപ്പെട്ടിരുന്ന ജിൻസ്ബർഗിന്റെ സ്ഥാനത്ത് യാഥാസ്ഥിതിക ജസ്റ്റിസ് വന്നാൽ എല്ലാ അവസ്ഥയിലും ഉള്ള ഗർഭച്ഛിദ്രാവകാശം, സെൻസസ് നടപടികളുടെ ചോദ്യം ചെയ്യൽ, അഫോഡബിൾ കെയർ ആക്ട്, എൽജിബിടിക്യുവിന്റെ ചില അവകാശങ്ങൾ എന്നിവ റദ്ദു ചെയ്യുമെന്ന് ഡെമോക്രാറ്റുകൾ കരുതുന്നു.