കോഴിക്കോട്: കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന റോഡ് ഇതുവരെ നന്നാക്കാതായതോടെ കോഴിക്കോട് നെല്ലിപ്പോയിലില്‍ നാട്ടുകാര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഉപരോധിക്കാനൊരുങ്ങുന്നു. മഴ കടുക്കും മുമ്ബ് പുന്നക്കല്‍ നെല്ലിപോയിലില്‍ റോഡിന്‍റെ അറ്റകുറ്റപണിയെങ്കിലും നടത്തണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം നിര്‍ദ്ധിഷ്ട മലയോര ഹൈവേയുടെ ഭാഗമായതിനാല്‍ അറ്റകുറ്റപണി നടത്താനാവില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്.

നെല്ലിപോയില്‍ സ്വദേശിയായ മനോജ് ഈ റോഡിലെ കുഴിയില്‍ വീണ് കാലോടിഞ്ഞ് മൂന്ന് മാസമാണ് ചികിത്സയില്‍ കഴിഞ്ഞത്. പലതവണ പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കണ്ട് ആവശ്യപ്പെട്ടെങ്കിലും റോഡ് നന്നാക്കുന്നില്ല. നെല്ലിപ്പോയിലില്‍ നിന്നും പുന്നക്കലിലേക്ക് 15 കിലോമീറ്റര്‍ റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. പലയിടവും നശിച്ചത് കഴിഞ്ഞ പ്രളയത്തിലാണ്. പ്രളയശേഷം നന്നാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ പാലിച്ചില്ല.

റോഡ് നിര്‍ദ്ധിഷ്ട മലയോര ഹൈവേയുടെ ഭാഗമാണെന്നാണ് പൊതുമരാമത്തിന്‍റെ വിശദീകരണം. അടുത്തയാഴ്ച്ച മലയോര ഹൈവേ റോഡ് പണി തുടങ്ങുന്നതിനാല്‍ അറ്റകുറ്റപണിയെന്ന ആവശ്യം നടത്താനാവില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം മഴ കടുക്കും മുമ്ബ് കുഴികള്‍ നികത്തിയില്ലെങ്കില്‍ ഉദ്യോസ്ഥരെ ഉപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.