ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോംഗ് സോ തടാകത്തില്‍ ചൈനീസ് സൈന്യം കൂടുതല്‍ ബോട്ടുകള്‍ പട്രോളിങ്ങിന് നിയോഗിച്ചു. ഇവിടെ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ സംഘാര്‍ഷവസ്ഥയിലേക്ക് എത്തി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് പുതിയ ബോട്ടുകള്‍ നിരീക്ഷണത്തിനായി എത്തിച്ചത്. മേഖലയില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ചൈന തടസ്സപ്പെടുത്തുന്നുണ്ട്.

ലഡാക്കിലെ സംഘര്‍ഷം മൂലം യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ എവിടെ വേണമെങ്കിലും സാഹചര്യങ്ങള്‍ വഷളാകാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

തടാകത്തിലെ ചൈനീസ് പട്രോളിങ് ബോട്ടുകളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു. നേരത്തേയിത് മൂന്നെണ്ണമായിരുന്നു. തടാകത്തില്‍ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പശ്ചിമഭാഗത്തെ 45 കിലോമീറ്റര്‍ പ്രദേശത്ത് ഇന്ത്യയ്ക്കും ഇത്രയും ബോട്ടുകളുണ്ട്.

നിയന്ത്രണരേഖയുടെ പശ്ചിമ ഭാഗത്തെ ചൈനയുടെ അതിക്രമിച്ചു കടക്കലുകളുടെ മൂന്നിലൊന്നും നടക്കുന്നത് പാന്‍ഗോംഗിലാണ്. ബോട്ടുകളുടെ എണ്ണം വര്‍ധിപ്പിച്ചത് കൂടാതെ പട്രോളിങ് സ്വഭാവം കൂടുതല്‍ ആക്രമണോത്സുകമാക്കി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ മേഖലയില്‍ നടക്കുന്നത് അത്ര ആരോഗ്യകരമായ സംഗതിയല്ല, ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയുടെ പട്രോള്‍ സംഘത്തെ ചൈന തടയുന്നുമുണ്ട്.

1999-ല്‍ ഇന്ത്യ കാര്‍ഗില്‍ പര്‍വത നിരകളിലെ പാക്കിസ്ഥാനികളെ ഒഴിപ്പിക്കുന്ന സമയത്ത് ചൈന ഈ മേഖലയില്‍ ചെറുവാഹനങ്ങളില്‍ സൈനിക പട്രോളിങ് ആരംഭിച്ചു. അതേസമയം, ഇന്ത്യയുടെ സൈനികര്‍ കാല്‍നടയായിട്ടാണ് പട്രോളിങ് നടത്തുന്നത്. ഇന്ത്യയുടെ സൈനികര്‍ക്കും വാഹനം ഉപയോഗിക്കുന്നതിനാണ് റോഡ് നിര്‍മ്മിക്കുന്നത്.

അതേസമയം, ഇന്ത്യ, നേപ്പാള്‍, ചൈന (ടിബറ്റ്) ട്രൈജംങ്ഷനിലെ കാലാപാനി-ലിംസപിയധുര-ലിപുലേക് മേഖല എന്തുവില കൊടുത്തും നേപ്പാളിന്റെ മാപിലേക്ക് തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി കെ.പി.ഒലി പറഞ്ഞു. കഴിഞ്ഞദിവസം നേപ്പാള്‍ മന്ത്രിസഭ പുതിയ മാപ് അംഗീകരിച്ചിരുന്നു. നയതന്ത്രത്തിലൂടെ നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചു കൊണ്ടുവരുമെന്ന് ഒലി പാര്‍ലമെന്റില്‍ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ നേപ്പാളിന്റെ പ്രതിഷേധത്തിന് പിന്നില്‍ മറ്റാരോ ആണെന്ന ഇന്ത്യന്‍ സൈനിക തലവന്‍ മനോജ് നവരനെയുടെ പ്രസ്താവനയെ ഒലി വിമര്‍ശിച്ചു. മാനസസരോവറിലേക്ക് ലിപുലേക്ക് വഴി ഒരു റോഡ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇ-ഉദ്ഘാടനം നടത്തിയതിന് പിന്നാലെയാണ് സൈനിക തലവന്റെ പ്രസ്താവന വന്നത്. സ്വന്തം തീരുമാനപ്രകാരമാണ് തങ്ങള്‍ എല്ലാം ചെയ്യുന്നതെന്ന് ഒലി പറഞ്ഞു.

ഇന്ത്യയുമായി സൗഹാര്‍ദപരമായ ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യമേവ ജയതേയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം ഒലിക്കെതിരെ പാര്‍ട്ടിയില്‍ നടന്ന അട്ടിമറി നീക്കത്തെ തോല്‍പ്പിക്കാന്‍ ചൈനീസ് അംബാസിഡര്‍ ഹൂ യാന്‍കി സഹായിച്ചുവെന്ന ആരോപണത്തേയും അദ്ദേഹം തള്ളിക്കളഞ്ഞു. നേപ്പാളിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണിതെന്നും ആര്‍ക്കും തന്നെ പുറത്താക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.