തിരുവനന്തപുരം: കോവിഡിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തിന് നികുതി കൂട്ടുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ മദ്യത്തില്‍നിന്ന് നികുതിയായോ സെസ് ആയോ കൂടുതല്‍ വരുമാനം കണ്ടെത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.
മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതോടെ അധികനികുതിയില്‍ തീരുമാനമുണ്ടായേക്കും. കേരളത്തില്‍ മദ്യത്തിന് ഇപ്പോള്‍ പലതട്ടുകളായി 100 മുതല്‍ 210 ശതമാനംവരെ നികുതിയുണ്ട്. ഇത് അങ്ങേയറ്റമാണെന്ന നിലപാടാണ് എക്‌സൈസ് വകുപ്പിന്. അതിനാല്‍ സെസ് ചുമത്താനാണ് കൂടുതല്‍ സാധ്യത.
മറ്റുവരുമാനങ്ങള്‍ കുത്തനെ കുറഞ്ഞതിനാല്‍ ഡല്‍ഹി സര്‍ക്കാര്‍ മദ്യത്തിന്റെ ചില്ലറവിലയില്‍ 70 ശതമാനം ‘കോവിഡ് പ്രത്യേക ഫീ’ ചുമത്തിയിരുന്നു. ആന്ധ്രാപ്രദേശ് 50-70 ശതമാനവും രാജസ്ഥാന്‍ പത്തുശതമാനവും നികുതി കൂട്ടി. കേരളത്തില്‍ 2018-ലെ പ്രളയത്തിനുശേഷം ഏതാനും മാസം മദ്യത്തിന് പ്രത്യേക സെസ് ചുമത്തി ഏകദേശം 300 കോടിരൂപ സംസ്ഥാനം നേടിയിരുന്നു.