ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ ഡല്‍ഹിയില്‍ ഒരുങ്ങുന്നു. ജൂലൈ ഒന്നു മുതല്‍ പ്രവര്‍ത്തനക്ഷമമാകും എന്നാണ് ഡല്‍ഹി സര്‍ക്കാര്‍ അറിയിക്കുന്നത്.
ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ ചത്തര്പൂരിന് സമീപം 70 ഏക്കറോളം വിസ്തീര്‍ണ്ണമുള്ള രാധാ സ്വാമി ഭൂമിയിലാണ് ഡല്‍ഹി സര്‍ക്കാര്‍ കൊറോണ കെയര്‍ സെന്റര്‍ ഒരുക്കിയിരിക്കുന്നത്. 10000 പേര്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കിയിട്ടുള്ള ഇവിടെ ആംബുലന്‍സുകള്‍ മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഇന്‍ഡോ ടിബറ്റിന് ബോര്‍ഡര്‍ പോലീസിനാണ് കോവിഡ് കെയര്‍ സെന്ററിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ , നഴ്സുമാര്‍ , പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ അടക്കം ആയിരത്തോളം പേരെയാണ് ഇന്‍ഡോ ടിബറ്റിന് ബോര്‍ഡര്‍ ഫോഴ്സ് കൊറോണ കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിനായി നിയമിച്ചിരിക്കുന്നത്.
ആയിരത്തോളം സെക്യൂരിറ്റി ജീവനക്കാരും 75ഓളം ആംബുലന്‍സുകളും ഒന്നും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 500 ബാത്ത് റൂമുകളും 450 ത് ടോയ്ലറ്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കോവിഡ് കെയര്‍ സെന്ററുകള്‍ രണ്ടു ഭാഗമായിട്ടാണ് തിരിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവായ രോഗികള്‍ക്ക് വേണ്ടി 9000 കിടക്കകള്‍ ഉള്ള വിഭാഗം ഉണ്ടാകും. കൂടുതല്‍ പരിചരണം ആവശ്യമുള്ളവര്‍ക്കായി 1000 കിടക്കകളുള്ള ഡെഡിക്കേറ്റഡ് കോവിഡ് ഹെല്‍ത്ത് കെയര്‍ വിഭാഗവും ഉണ്ടാകും. ഐസിയു സൗകര്യങ്ങളടക്കം അടിയന്തിര വൈദ്യ സഹായത്തിനായി പ്രത്യേക സജ്ജീകരണങ്ങളും ഇവിടെ ഉണ്ടാകും.