ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു. 2,64,000 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ കൊറോണ മരണം 74,000 കടന്നു. ബ്രിട്ടനില്‍ മരണം മുപ്പതിനായിരം പിന്നിട്ടു.ഇറ്റലിയില്‍ മരണം മുപ്പതിനായിരത്തോടടുത്തു. ജപ്പാന്‍ പേള്‍ ഹാര്‍ബറില്‍ നടത്തിയ ആക്രമണത്തേക്കാള്‍ വലിയ ദുരിതമാണ് അമേരിക്ക നേരിടുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
സ്പെയിന്‍ ദേശീയ അടിയന്തരാവസ്ഥ ഈ മാസം 24 വരെ നീട്ടി. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ നടന്ന രാജ്യമായി ബ്രിട്ടന്‍ മാറുകയാണ്.നിലവിലെ കണക്കുകള്‍ പ്രകാരം ബ്രിട്ടണിലെ ആകെ മരണസംഖ്യ 30076 ആയി. ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ച് തുടങ്ങി.
അമേരിക്കയില്‍ മാത്രം പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് രോഗബാധിതരായത്. രോഗബാധയില്‍ രണ്ടാം സ്ഥാനത്തുള്ള സ്പെയിനില്‍ മരിച്ചവരുടെ മൂന്ന് മടങ്ങാണ് അമേരിക്കയിലെ മരണനിരക്ക്. സ്പെയിനില്‍ ഇതുവരെ 25,857 പേരാണ് മരിച്ചത്. ഇറ്റലിയിലെ മരണവും മുപ്പതിനായിരത്തോടടുക്കുകയാണ്. ഫ്രാന്‍സില്‍ 25,809 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്.