തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ മലയാളികളുടെ ഉപഭോഗശീലം വ്യക്തമാക്കി സര്‍വേ. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ റേഷന്‍ കടകളെയും സമീപത്തെ പലചരക്കുകടകളെയുമാണ് കൂടുതല്‍ പേരും ആശ്രയിച്ചത്. റേഷന്‍ കാര്‍ഡുള്ള കുടുംബങ്ങളിലെ 92 ശതാമനം പേരും ലോക്ക്ഡൌണ്‍ കാലത്ത് റേഷന്‍ വാങ്ങിയതായി സെന്‍റര്‍ ഫോര്‍ സോഷ്യ എക്കണോമിക്സ് ആന്‍ഡ് എന്‍വയോണ്‍മെന്‍റല്‍ സ്റ്റഡീസ് നടത്തിയ സര്‍വേയില്‍ വ്യക്തമായി. കാര്‍ഡുള്ളവരില്‍ 16 ശതമാനം പേര്‍ ആദ്യമായിട്ടോ അല്ലെങ്കില്‍ വളരെ കാലത്തിനുശേഷമോ ആണ് റേഷന്‍ വാങ്ങുന്നത്. അതേസമയം എട്ടുശതമാനം പേര്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് റേഷന്‍ കടകളില്‍ പോയിട്ടില്ല.

പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളെ ആശ്രയിക്കുന്ന ശീലം ഈ ലോക്ക്ഡൗണില്‍ ഗണ്യമായി കുറഞ്ഞു. ഭൂരിഭാഗം പേരും വീടിനടുത്തുള്ള കടകളെയാണ് ആശ്രയിച്ചത്. 61 ശതമാനം പേര്‍ സമീപത്തെ കടകളെ ആശ്രയിച്ചപ്പോള്‍ 20 ശതമാനം പേരാണ് സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് പോയത്. മാവേലി സ്റ്റോറില്‍ സാധനം വാങ്ങാന്‍ പോയത് 12 ശതമാനം ആയിരുന്നു.

ലോക്ക്ഡൌണില്‍ വിവിധ ഭക്ഷ്യവസ്തുക്കള്‍ക്ക് ദൌര്‍ലഭ്യം അനുഭവപ്പെട്ടതായി പഠനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇതില്‍ 82 ശതമാനം പേരും മത്സ്യത്തിന് ക്ഷാമം നേരിട്ടതായാണ് പറഞ്ഞത്. 51 ശതമാനം പേര്‍ ബേക്കറി സ്നാക്ക്സിനും 40 ശതമാനം പേര്‍ മാംസത്തിനും 24 ശതമാനം പച്ചക്കറിക്കും ക്ഷാമം നേരിട്ടതായി അഭിപ്രായപ്പെട്ടു.

ലോക്ക്ഡൗണ്‍ കാലയളവില്‍ വരുമാനം കുറഞ്ഞതായി 61 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മുന്‍ഗണനാ വിഭാഗത്തിലെ 97 ശതമാനം പേര്‍ക്കും വരുമാനം കുറഞ്ഞു. ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ദൈനംദിന ചെലവുകള്‍ ചുരുക്കേണ്ടിവരുമെന്ന് 92 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. ഇനിയുള്ള കാലത്ത് ഷോപ്പിങ് സുരക്ഷിതമാക്കണമെന്നതിനെക്കുറിച്ചും സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് അവബോധമുണ്ട്. പുറത്തുപോകുമ്ബോള്‍ മാസ്ക്കുകള്‍ ധരിക്കുന്നതിനും കൈകള്‍ അണുവിമുക്തമാക്കാനും എല്ലാവരും ശ്രദ്ദിക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 87 ശതമാനം കുടുംബങ്ങളും പുറത്തുപോകുമ്ബോള്‍ മാസ്ക്കുകള്‍ ഉപയോഗിക്കുന്നവരാണ്. 70 ശതമാനം പേര്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്‌ കൈകള്‍ അണുവിമുക്തമാക്കാറുണ്ടെന്നും പറയുന്നു.
TRENDING:
ജനങ്ങള്‍ ചെലവു കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഉപഭോഗം കുറയ്ക്കുന്നത് വിപണിയെയും സമ്ബദ് വ്യവസ്ഥയെയും കൂടുതല്‍ ആഴത്തിലുളഅള മാന്ദ്യത്തിലേക്ക് തള്ളിവിടാന്‍ സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. സെന്‍റര്‍ ഫോര്‍ സോഷ്യ എക്കണോമിക്സ് ആന്‍ഡ് എന്‍വയോണ്‍മെന്‍റല്‍ സ്റ്റഡീസ് കേരളത്തില്‍ താമസിക്കുന്ന 504 പേരിലാണ് സര്‍വേ നടത്തിയത്. ബിബിന്‍ തമ്ബി, സുരഭി അരുണ്‍കുമാര്‍ എന്നിവരാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയത്.