യാത്രക്കാരില്‍നിന്ന് പഴയ ചാര്‍ജ് വാങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചെങ്കിലും ചൊവ്വാഴ്ചയും കൂടിയ തുകയാണ് ഈടാക്കിയത്. ചാര്‍ജ് കുറയ്ക്കാനുള്ള സര്‍ക്കുലര്‍ ലഭിച്ചില്ലെന്നാണ് ബസുടമകളുടെ വാദം. മുമ്ബ് പകുതി യാത്രക്കാരെമാത്രം ബസില്‍ കയറ്റാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍, ചാര്‍ജ് കുറച്ച്‌ എല്ലാ സീറ്റിലും ഇരുത്താമെന്ന് മുഖ്യമന്ത്രി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം, പല ബസുകളിലും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്നും ആക്ഷേപമുണ്ട്. ഇളവുകളുടെ ഭാഗമായി സുരക്ഷയിലും പിന്നോട്ടുപോകുകയാണെന്ന് യാത്രക്കാര്‍ പറയുന്നു. ഇളവുകളുടെ ഭാഗമായി 1100 ഓളം സ്വകാര്യബസുകള്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്നുണ്ട്. പഴയ നിരക്ക് വേണമെന്ന് സര്‍ക്കാര്‍ പറഞ്ഞതോടെ പല ബസുകളും സര്‍വീസ് നിര്‍ത്തി. ജീവനക്കാരുടെ ശമ്ബളം കൊടുക്കാന്‍പോലും വരുമാനം കിട്ടുന്നില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു. ഉടമകളോട് സര്‍വീസ് നടത്തണമെന്ന് നിര്‍ബന്ധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ക്ക് ബുധനാഴ്ചമുതല്‍ അന്തര്‍ജില്ലാ യാത്രയ്ക്ക് അനുമതിയായി. ഈ സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ക്കും അനുമതി ലഭിച്ചാല്‍ 90 ശതമാനം ബസുകളും സര്‍വീസ് ആരംഭിക്കും. പഴയ നിരക്കിനെ സംബന്ധിച്ച ആശങ്കകള്‍ കൂടിയാലോചിച്ച്‌ പരിഹരിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ബി സത്യന്‍ പറഞ്ഞു.