ന്യൂഡല്‍ഹി : സംസ്ഥാനത്ത് നിന്ന് മടങ്ങരുതെന്ന് അതിഥി തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ പ്രശ്നങ്ങള്‍ മാറുമെന്നും അവര്‍ക്ക് ജോലികള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എവിടെയാണോ, അവിടെ തന്നെ നിങ്ങള്‍ തുടരണം. സര്‍ക്കാര്‍ നിങ്ങള്‍ക്കായി ട്രെയിനുകള്‍ ശരിയാക്കുന്നുണ്ട്.
പക്ഷേ, ലോക്ക് ഡൗണ്‍ ഉടന്‍ തന്നെ അവസാനിക്കും. എല്ലാം പഴയപടി തന്നെയാകും. ഇതോടെ ജോലികള്‍ ലഭിക്കും. അതുകൊണ്ട് നിങ്ങള്‍ ദില്ലി വിടരുതെന്ന് കെജ്രിവാള് പറഞ്ഞു.
ഇപ്പോള്‍ ദില്ലി വിടുന്നത് നിങ്ങള്‍ക്കും കുടുംബത്തിനും ആപത്താണെന്നും കെജ്രിവാള് പറഞ്ഞു. അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ആശങ്കയുയര്‍ത്തുന്ന വിധം കൂടുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി നാല് സംസ്ഥാനങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. ബിഹാറും ഝാര്‍ഖണ്ടും ഒഡിഷയും തെലങ്കാനയുമാണ് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.