മുംബയ്: ലോക്ക്ഡൗണ്‍ ഇന്നത്തെ നിലയില്‍ മേയ് 31 വരെ തുടരണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ആലോചിക്കാതെയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച തുടങ്ങാനുള്ള തീരുമാനം കേന്ദ്രം കൈക്കൊണ്ടെതെന്നും ഉദ്ധവ് താക്കറെ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. വിമാനയാത്ര സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
വിമാനത്താവളത്തിന് പുറത്തുള്ള എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. അതിനാല്‍ വിമാനയാത്ര അനുവദിക്കുന്നതിന് ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടോ എന്നകാര്യം കേന്ദ്രവുമായി കൂടിയാലോചിച്ച് മാത്രമെ തീരുമാനിക്കൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ അനുകൂലിച്ചുവെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് അന്തിമ തീരുമാനമെടുത്തത്. ടിക്കറ്റ് ബുക്കിങ് തുടങ്ങുകയും തിങ്കളാഴ്ച മുതല്‍ വിമാനയാത്ര നടത്തേണ്ടവര്‍ അതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനി തീരുമാനത്തില്‍ മാറ്റമില്ലെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
അതിനിടെ ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാരെ 14 ദിവസം ഹോം ക്വാറന്റീന്‍ ചെയ്യണമെന്ന ആവശ്യം കേരളവും ഛത്തീസ്ഗഢും മുന്നോട്ടുവച്ചു കഴിഞ്ഞു. ആറ് സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരെ ഏഴ് ദിവസം ഹോം ക്വാറന്റീനിലാക്കുമെന്ന് കര്‍ണാടകവും വ്യക്തമാക്കിക്കഴിഞ്ഞു. ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് കേരളത്തില്‍ എത്തുന്നവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.