ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വെട്ടിക്കുറക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നാലാം ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങള്‍ക്ക് വ്യാപകമായ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ആ സാഹചര്യം നിലനില്‍ക്കെ ആഭ്യന്തര മന്ത്രാലയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് പ്രസ്താവനയിലൂടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
ഇളവുകള്‍ പിന്‍വലിക്കാനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുമതിയുണ്ടെന്നും കേന്ദ്രം അറിയിച്ചു. വൈറസ് വ്യാപനത്തിനനുസരിച്ച് സംസ്ഥാനങ്ങള്‍ ചുവപ്പ്, പച്ച, ഓറഞ്ച് മേഖലകളായി തിരിക്കണം. റെഡ് സോണുകളിലും കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലും കണ്ടയ്ന്റ്‌മെന്റ് സോണുകള്‍, ബഫര്‍ സോണുകള്‍ എന്നിവ ജില്ലാ തലത്തില്‍ അടയാളപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. 28 ദിവസത്തിനുള്ളില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ കണ്ടെയ്ന്‍മെന്റ് പ്രവര്‍ത്തനം വിജയമായി കണക്കാക്കും.മെയ് 31 വരെയാണ് നാലാം ഘട്ട ലോക്ക്ഡൗണ്‍ കാലയളവ്.