കോവിഡ് വ്യാപനം പ്രതിരോധിക്കാനായി രാജ്യത്ത് പ്രഖ്യാപിച്ച രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും. ലോക്ക്ഡൗണ്‍ ഈ മാസം 17 വരെ നീട്ടിയിട്ടുണ്ട്. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാവും ദേശീയ ലോക്ക് ഡൗണ്‍ നാളെ മുതല്‍ തുടരുക. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധന ഇന്നുണ്ടായേക്കും.
രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ തുടങ്ങിയപ്പോള്‍ ഇന്ത്യയിലെ കോവിഡ് കേസുകള്‍ പതിനൊന്നായിരത്തി തൊള്ളായിരത്തി മുപ്പത്തിമൂന്നായിരുന്നു. ഇപ്പോള്‍ കോവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയിലധികമായി. രണ്ടാം ഘട്ടം തുടങ്ങിയപ്പോള്‍ കൂടുതല്‍ കേസുകളുണ്ടായിരുന്ന തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ രോഗവ്യാപനം താരതമ്യേന പിടിച്ചു നിറുത്തുന്നുണ്ട്. മഹാരാഷ്ട്രയും ഗുജറാത്തും മധ്യപ്രദേശുമാണ് ഇപ്പോഴും ഇത് നിയന്ത്രിക്കാനാവാത്ത സംസ്ഥാനങ്ങള്‍.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 37,776 ആയി. ഇന്നലെ 2293 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസത്തിനിടെ രാജ്യത്ത് ഇത്രയേറെ പേര്‍ കോവിഡ് ബാധിതര്‍ ആകുന്നത് ആദ്യമായാണ്. ഇതുവരെ 1223 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം ആയിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.