തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കുടുങ്ങിയ 104 റഷ്യന്‍ വിനോദസഞ്ചാരികള്‍ ഇന്ന് നാട്ടിലേക്ക് തിരികെപ്പോകും. റോയല്‍ ഫ്‌ലൈറ്റ് എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് കൊല്‍ക്കത്ത, യെക്കാറ്റെറിന്‍ബര്‍ഗ് വഴിയായിരിക്കും മോസ്‌കോയിലേക്ക് പോവുകയെന്ന് കേരള ടൂറിസം അധികൃതര്‍ അറിയിച്ചു. 75 പേര്‍ വര്‍ക്കലയിലും ബാക്കി യാത്രക്കാര്‍ ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലുമാണ് കുടുങ്ങിയത്. തിരുവനന്തപുരത്ത് റഷ്യന്‍ ഫെഡറേഷന്റെ ഓണററി കോണ്‍സല്‍ രതീഷ് സി നായരുടെ നേതൃത്വത്തിലാണ് റഷ്യക്കാരെ തിരികെ അയയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
വിമാനത്തില്‍ കയറുന്നതിന് മുമ്ബായി യാത്രക്കാരെ നിര്‍ബന്ധിത മെഡിക്കല്‍ പരിശോധന അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയമാക്കും.
മാര്‍ച്ച് 23 ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയ ശേഷം 2,500 ഓളം വിദേശ വിനോദ സഞ്ചാരികളെ കേരളത്തില്‍ നിന്ന് നാടുകളിലേക്ക് തിരിച്ചയച്ചിരുന്നു. ഇതില്‍ ജര്‍മനിയിലേക്ക് മടങ്ങിയ 232 പേരും യുകെയിലേക്കുള്ള 268 പേരും ഫ്രാന്‍സിലേക്കുള്ള 112 പേരും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കുള്ള 115 പേരും ഉള്‍പ്പെടുന്നു.
വിദേശികളുടെ താമസം സുഖമമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി കടകമ്ബള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊണ്ടിരുന്നെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു.