ന്യൂ ഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം ഇസ്രയേലില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കും. 82 മലയാളി നഴ്സുമാരെയാണ് പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുക. മെയ് 25 ന് ടെല്‍ അവീവില്‍ നിന്നും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് സര്‍വീസ് നടത്തുക. കെയര്‍ സര്‍വീസ് വീസയില്‍ നഴ്സിംഗ് ജോലിക്കായി ഇസ്രായേലിലേക്ക് എത്തിയ മലയാളികളാണ് ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയത്. വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ തന്നെ വിമാനം ഉണ്ടാകുമെന്നും ഇന്ത്യന്‍ എംബസി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാത്രമല്ല പല നഴ്‌സുമാരുടെയും വിസ കാലാവധിയും മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കവെയായിരുന്നു അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്ന നഴ്സുമാരുടെ വിവര ശേഖരണവും ഇന്ത്യന്‍ എംബസി തുടങ്ങിക്കഴിഞ്ഞു.