തലശ്ശേരി: ലോക്ഡൗൺ കാലത്ത് തലശ്ശേരി അതിരൂപതയിലെ ഇടവകകളും സന്യാസി സമൂഹവും സ്ഥാപനങ്ങളും ചേർന്ന് ഇതിനോടകം ലഭ്യമാക്കിയത് 2.28 കോടി രൂപയുടെ സഹായം. സഹായധനമായി 2242 പേർക്ക് 62.65 ലക്ഷം രൂപ എത്തിച്ചു. 10388 കുടുംബങ്ങൾക്കു ഭക്ഷ്യകിറ്റ് നൽകാന്‍ 70.95 ലക്ഷം രൂപ ചെലവിട്ടു. 1004 പേർക്കു ചികിത്സാ സഹായമായി 32.56 ലക്ഷം രൂപ നൽകി. ഒന്നരലക്ഷം മാസ്ക്കുകൾ നിർമിച്ചു നൽകി. പ്രതിരോധ ഉപകരണങ്ങളും സാനിറ്റൈസറും വിതരണം ചെയ്യാൻ 54.87 ലക്ഷം രൂപ ചെലവിട്ടു.

കണ്ണൂർ, കാസർകോട് ജില്ലകളിലാണു സഹായമെത്തിച്ചത്. അതിരൂപതയുടെ കീഴിലുള്ള ക്രെഡിറ്റ് യൂണിയൻ, മുക്തിശ്രീ എന്നിവ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെ മൂന്നു ശതമാനം പലിശയ്ക്കു 2.40 കോടി രൂപ കാസർകോട് ജില്ലയിൽ വായ്പയായി വിതരണം ചെയ്തു. കണ്ണൂർ ജില്ലയിൽ ഇത്തരത്തിൽ 12 കോടി രൂപ വായ്പ വിതരണം ചെയ്യും. അടുത്ത മൂന്നു മാസത്തേക്കു സാധാരണക്കാർക്കു ഭക്ഷ്യസാധനങ്ങൾ നൽകാൻ കരുതൽനിധി രൂപീകരിക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

ക്വാറന്റീൻ സൗകര്യമൊരുക്കാൻ 75 സ്ഥാപനങ്ങളാണു സർക്കാരിനു വിട്ടുനൽകിയത്. അതിരൂപതയുടെ കീഴിലുള്ള വിമൽജ്യോതി എൻജിനീയറിങ് കോളജിൽ റോബട്ട്, മൊബൈൽ കിയോസ്ക്, ഓട്ടമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തുടങ്ങിയ ഉപകരണങ്ങൾ രൂപകൽപന ചെയ്ത് അഞ്ചരക്കണ്ടി കോവിഡ് ചികിത്സാകേന്ദ്രം, തലശ്ശേരി ജനറൽ ആശുപത്രി എന്നിവയ്ക്കു കൈമാറി.

അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ ടിഎസ്എസ് തൂവാലവിതരണം, കിടപ്പുരോഗികൾക്കു ഭക്ഷണവിതരണം, കൈകഴുകൽ കേന്ദ്രമൊരുക്കൽ തുടങ്ങിയ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. തുടർന്നും കോവിഡ് പ്രതിരോധത്തിനു മുൻപന്തിയിലുണ്ടാകുമെന്നു അതിരൂപത അറിയിച്ചു.