ന്യൂഡെല്‍ഹി: ലോക്ക് ഡൗണ്‍ കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ശനിയാഴ്ചയോ ഞായറാഴ്ചയോ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് സൂചന. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ നീട്ടുമോ ഇല്ലയോ എന്നത് സംബന്ധിച്ച തീരുമാനം രാജ്യത്തോട് നടത്തുന്ന പ്രസംഗത്തില്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ കാര്യത്തില്‍ രണ്ടു ദിവസത്തിനകം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ചയാണ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് തീരുമാനിച്ചിരിക്കുന്നത്. ലോക്ക്‌ ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച്‌ മുഖ്യമന്ത്രിമാരുടെ നിര്‍ദേശങ്ങളും അദ്ദേഹം തേടും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

അതേസമയം, രോഗവ്യാപനം കൂടുതലുളള സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്‌ ഡൗണ്‍ ഒറ്റയടിക്ക് നീക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക, ഉത്തര്‍ പ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ആസാം, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയടക്കം പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമാണ് ഒഡീഷ. ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. മാര്‍ച്ച്‌ 25 നാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 നാണ് ലോക്ക്ഡൗണ്‍ അവസാനിക്കുക.

ലോക്ക് ഡൗണ്‍ സമയത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചും അവ പരിഹരിക്കാന്‍ കൈകൊണ്ട നടപടികളെപ്പറ്റിയും അതാത് സംസ്ഥാനങ്ങളില്‍ നിന്നും പ്രധാനമന്ത്രി നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഏതെല്ലാം കണക്കിലെടുത്താകും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുക. രോഗവ്യാപനം പൂര്‍ണമായും ശമിക്കാത്ത ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടണമെന്ന് ആരോഗ്യ വിദഗ്ധരും മറ്റു സാമൂഹ്യ പ്രവര്‍ത്തകരും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം. അതിനുശേഷമായിരിക്കും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക.