കൊച്ചി: ലോക്ക് ഡൗണ്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച്‌ സിറ്റി പൊലീസ്. ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച 28 പേരെ അറസ്റ്റ് ചെയ്തു. എറണാകുളം ബ്രോഡ്‌വേയിലുള്ള മൂന്ന് ഹോട്ടലുകളാണ് നിബന്ധന ലംഘിച്ച്‌ പ്രവര്‍ത്തിച്ചത്. ഹോട്ടലിനകത്തും പുറത്തുമായി ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു.
ബ്രോഡ് വേ മുതല്‍ മാര്‍ക്കറ്റ് വരെയുള്ള ഭാഗങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് കമ്മിഷണര്‍ വിജയ് സാഖറെ നേരിട്ടെത്തി നേതൃത്വം നല്‍കി. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇറങ്ങി നടന്നവരെയും സാമൂഹിക അകലം പാലിക്കാത്തവരും അടക്കം 20 കേസുകളാണ് ഇവിടെ നിന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന തുടരുമെന്ന് കമ്മിഷണര്‍ അറിയിച്ചു.

ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ 97 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റിയില്‍ 53 കേസുകളിലായി 82 പേരെ അറസ്റ്റ് ചെയ്തു. 13 വാഹനങ്ങള്‍ പിടിച്ചെടുത്തു. 178 പേര്‍ക്കെതിരെ മാസ്‌ക്ക് ധരിക്കാത്തതിനും കേസെടുത്തു. ക്വാറന്റൈന്‍ ലംഘനം നടത്തിയ 28 പേര്‍ക്കെതിരെ കേസെടുത്ത് 14 പേരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലാക്കി.
റൂറല്‍ ജില്ലയില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 41 പേരെ അറസ്റ്റ് ചെയ്യുകയും ഒമ്ബത് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.

രാത്രി സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനായി ചൊവ്വാഴ്ച രാത്രി ഏഴ് മുതല്‍ ഒമ്ബത് വരെ നഗരത്തില്‍ കൊച്ചി സിറ്റി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 144 കേസുകളിലായി 157 പേരെ അറസ്റ്റ് ചെയ്തു. 94 വാഹനങ്ങള്‍ പിടിച്ചെടുത്തു.