തിരുവനന്തപുരം: നഗരത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച 93 പേര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര ചെയ്ത 23 വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 262 പേര്‍ക്കെതിരെയും നടപടിയെടുത്തു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ, രോഗവ്യാപനം ഉണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ച 17കടകള്‍ പൂട്ടിക്കാന്‍ നഗരസഭയ്ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. കടകളും ഹോട്ടലുകളും തട്ടുകടകളും ഉള്‍പ്പെടെ 54 കടകള്‍ പൂട്ടാനാണ് ഇതുവരെയുള്ള ശുപാര്‍ശ.നഗരത്തില്‍ രോഗവ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊലീസ് പരിശോധന കര്‍ശനമായി തുടരും. വ്യാപാര സ്ഥാപനങ്ങളിലും വാഹന യാത്രകളിലും പൊതുജനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കണമെന്നും സര്‍ക്കാരിന്റെയും പൊലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.